Thursday, February 20, 2025

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച് 

1

ഒച്ചിലും മച്ചിലും കവിത. 
തൂണിലും തുരുമ്പിലും കവിത. 
വാക്കിലും നോക്കിലും കവിത. 
മീനുകൾ തല വെട്ടി-
തിരിയുന്ന വേഗത്തിൽ, 
കവിതകൾ കാണുന്ന പി.പി. 
ഒച്ചിലും മച്ചിലും കവിത. 
തൂണിലും തുരുമ്പിലും കവിത.
വാക്കിലും നോക്കിലും കവിത. 

കലർപ്പിൽ കലരുന്ന, 
നിറങ്ങളെയൊക്കെയും 
മഴവില്ലിൽ 
കാണുന്ന കവിത. 
ജാഥയിൽ കവിത, 
അണുവിലും കവിത. 
വഴി മാറി നടക്കുവാൻ 
മോഹിക്കും കവിതകൾ
വഴിയായി മാറിയ കവിത.

മീനുകൾ തല വെട്ടി-
തിരിയുന്ന വേഗത്തിൽ, 
കവിതകൾ കാണുന്ന പി.പി. 

മീനുകൾ തല വെട്ടി-
തിരിയുന്ന വേഗത്തിൽ, 

കവിതകൾ കാണുന്ന പി.പി. 

പേക്രോം - കവിതാ സമാഹാരം 

കവി പി . പി. രാമചന്ദ്രൻ നിരവധി കവിതാ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഞാൻ വായിക്കുന്നത് അടുത്തകാലത്താണ്. 2025-ൽ പുറത്തിറങ്ങിയ പേക്രോം എന്ന 46 കവിതകൾ ഉൾപ്പെടുന്ന കവിതാ സമാഹാരം. കുളിമുറിച്ചുവരിലെ ഒച്ചിൽ കവിത കണ്ടെത്തുന്ന പി.പി; ഞാനാണെങ്കിൽ അൽപ്പം അറപ്പോടെ മാറി പോകും. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് ദൈവവിശ്വാസികൾ പറയാറുണ്ട്. അതുപോലെയാണ് പി.പി രാമചന്ദ്രന്റെ കവിതകൾ. തൂണിലും തുരുമ്പിലും കല്ലിലും പുല്ലിലും തുടങ്ങി തനിക്ക് ചുറ്റുമുള്ള ഓരോ അണുവിലും കവിത കണ്ടെത്തുന്ന പ്രതിഭാശാലി. ഒരു സൈക്കിൾ കാണുമ്പോൾ അതിന്റെ ചക്രത്തിലേയ്ക്ക് നോക്കുമ്പോൾ ചിലന്തികൾ നൂല് പാകിയ ചക്രങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ഭാവന. അക്വേറിയത്തിലെ മീൻ ഏത് ദിശയിലേയ്ക്ക് തല വെട്ടിക്കുമെന്ന് പ്രവചിക്കാനാവാത്തതിലെ വിസ്മയം നിരീക്ഷിക്കുന്ന മനസ്സ്. ഓരോ അക്ഷരത്തിലും കവിത കണ്ടെത്തുന്ന ശൈലി. കലർപ്പ് എന്ന കവിതയിൽ എല്ലാം കലർന്ന ലോകത്തെ ജലമെന്ന ഉപമയിൽ തുടങ്ങി മഴവില്ലിൽ എത്തിച്ചുകൊണ്ടുള്ള കാഴ്ച. കുഴിവെട്ടുന്നവരോട് എന്ന കവിതയിൽ പറയുന്നു, ചെരിപ്പിന്റെ പാകത്തിൽ ചെത്തണം കാല് എന്ന വരിയിൽ തുടങ്ങി കുഴിക്കൊത്ത പെട്ടി അതിനൊത്ത വ്യക്തി നടക്കരുതാരും നാട്ടു നടപ്പിനെത്തെറ്റി എന്ന വാക്കുകളിൽ എത്തുമ്പോൾ വഴി മാറി നടക്കാൻ മടിക്കുന്ന മനുഷ്യ മനസിനെ കണ്ണാടിയിൽ പ്രതിഫലിപ്പിക്കുന്നു. വിപരീധോക്തിയെ എത്ര മനോഹരമായിട്ടാണ് പി.പി കവിതയിൽ ഉപയോഗിച്ചിരിക്കുന്നത്.

അവസാന കവിതയിൽ എത്തുമ്പോൾ വിനയത്തോടെ പേക്രോം എന്ന തവളയെന്ന് ചൊല്ലി അവസാനിപ്പിക്കുന്നു. ഈ കവിതകൾ പൊട്ടകുളത്തിൽ വീണ കലയല്ലെന്ന് എനിക്ക് പറയുവാൻ കഴിയും. നദിയായി ഒഴുകുന്നവ. വെള്ള മേഘമായി ആകാശത്തിൽ പറക്കുന്നവ. വഴിമാറി നടക്കുന്ന കവിതകൾ തന്നെയാണ് പി.പി രാമചന്ദ്രന്റെ  ഓരോ കവിതകളും. മീൻ തല വെട്ടിക്കുന്നത് എങ്ങോട്ടായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമെന്ന് അദ്ദേഹം തന്നെ എഴുതിയ പോലെ വ്യത്യസ്തം. അതുകൊണ്ട് തന്നെ, ഇത് വെറും പേക്രോം അല്ല. 

Monday, January 20, 2025

അശോകൻ പുത്തൂരിന്റെ കവിതകൾ

എനിക്ക് അസൂയ തോന്നുന്ന കവിയാണ് അശോകൻ പുത്തൂർ; പരേതന്റെ മേൽവിലാസം എന്ന കവിത സമാഹാരത്തിൽ അശോകൻ പറയുന്നു, “എന്റെ കവിത കുമ്പസാരമാണ്.” നല്ലൊരു കുമ്പസാരം നടത്താൻ അശോകൻ ആഗ്രഹിക്കുന്നു. എന്നെങ്കിലും സ്വയം കവിതയിലേക്ക് വിവർത്തനം ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ട് തുടങ്ങുന്നു. അതിനു കഴിയുമോയെന്ന സംശയവും കൂടെയുണ്ട്. ചിതൽ തിന്ന മരം അക്ഷരം മാഞ്ഞ പുസ്തകമാണെത്രെ. അങ്ങനെയാണോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. വേനൽ മഴ കടന്ന് മരിച്ചവരുടെ നഗരത്തിൽ എത്തിയപ്പോൾ അശോകന്റെ ആത്മാവ് സംസാരിക്കാൻ തുടങ്ങി. എന്തൊരു തീവ്രമായ ഭാഷയാണ്. എന്തൊരു അനുഭൂതിയാണ് വാക്കുകളിലൂടെ അദ്ദേഹം വായനക്കാരിൽ എത്തിക്കുന്നത്.

മരിച്ചവരുടെ നഗരം എന്ന കവിതയിൽ ഈ ലോകത്തെ തന്നെ അടക്കം ചെയ്‌തു; പറയാൻ ബാക്കി വെച്ചത് എന്ന കവിതയിലെത്തുമ്പോൾ അശോകൻ പുത്തൂർ  പ്രപഞ്ചത്തിലെ വിവിധ വർണ്ണങ്ങളിൽ സഞ്ചരിച്ചുകൊണ്ട് പറഞ്ഞതിനേക്കാൾ കൂടുതൽ ഓരോ വർണങ്ങളിലും പറയാൻ മറന്നുപോയ രഹസ്യങ്ങളെന്ന് കണ്ടെത്തുന്നു. കവിതയെന്നാൽ ഒരു മണൽ തരിയിൽ ലോകം കാണുന്ന കലയാണെന്ന് വില്യം ബ്ലെയ്ക്ക് പറഞ്ഞിട്ടുണ്ട്. കവിയരങ്ങിലെ അവസാന പന്തിക്ക് അവസാന ഇലയിടണം കവിതയിലെ നായാടിയാണ് ഞാൻ എന്ന് അശോകൻ പറയുന്നുണ്ട്. കവിതയുമായി ലോകം ചുറ്റിയപ്പോൾ ഉണ്ടായ അനുഭവങ്ങളിൽ തോറ്റു പിന്മാറാതെ വീറോടെ ലോകത്തോട് തന്റെ കാവ്യാ ഭാഷയിലൂടെ സംസാരിക്കാൻ അശോകൻ പുത്തൂർ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ചില മരണങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്ന വിധം പറയുന്ന അശോകൻ, അതും കണ്ട് ദൈവങ്ങൾ നിഷ്കളങ്കരായി സന്തോഷമായി ഇരിക്കുകയാണെന്നും പറഞ്ഞു വെയ്ക്കന്നു. നാലാം ലോക തെണ്ടിയുടെ കോങ്കണ്ണൻ കാഴ്ച എന്ന കവിതയിൽ തനിക്ക് ചുറ്റുമുള്ള കെട്ടുകാഴ്ചകളെ കണക്കിന് പരിഹസിക്കുന്നു. അനുഭവങ്ങൾ രേഖപ്പെടുത്താൻ ഞങ്ങൾക്ക് പുസ്തകം വേണമെന്നില്ല എന്ന് ചൊല്ലുന്ന കവിതയിൽ അശോകന്റെ ആത്മാവിലാപം അതി തീവ്രമായി ആസ്വാദകരിൽ എത്തുന്നു.

ശവം ദഹിപ്പിക്കരുതെന്ന് അശോകൻ പറയുന്നു, അധികാരവും നിയമവും എങ്ങനെ പെരുമാറിയെന്ന് അറിയണമെങ്കിൽ  മണ്ണിൽ തന്നെ ശവം കുഴിച്ചിടണം. അവ പുഴുക്കളോടും പുല്ലിനോടും ചരിത്രത്തെ കുറിച്ച് സംസാരിക്കുമെന്ന് പറയുമ്പോഴുള്ള തീവ്രമായ കവി ഭാവനയും അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ഒഴുകുന്ന വാക്കുകളുടെ സമ്മേളനവും ഒരു പോലെ നമ്മുക്ക് ദർശിക്കാൻ കഴിയും.

കവിതകളായ കവി മരണത്തിലും, മഹത്തായ കലയിലും സ്വയം വിമർശനവും അതോടൊപ്പം കാപട്യത്തോടെയുള്ള കലാപ്രവർത്തനങ്ങളെയും പരിഹസിക്കുന്നു. ഓർമ്മകളുടെ മാഞ്ചുവടിൽ അമ്മയുടെ കണ്ണീരു കുടിച്ചായിരിക്കും പുളിമാവിന് ഇത്ര പുളിവന്നതെന്ന പാടുന്ന കവി അമ്മയോർമ്മകളിലൂടെയും, ഗൃഹാതുരത്വം ഉണർത്തുന്ന പ്രണയ ഗീതങ്ങളിലൂടെയും പ്രകൃതി ഗീതങ്ങളിലൂടെയും ചുറ്റിലുമുള്ള എല്ലാ കടുകുമണികളിലും കവിത കാണുന്നു.

നിരീക്ഷണം അശോകന്റെ ശക്തിയാണ്. അസാധാരണമായ നിരീക്ഷണബോധമാണ് ഓരോ കവിതയിലും കവി പ്രകടിപ്പിക്കുന്നത്. കവിത വരുമ്പോൾ മിണ്ടാതെ അനങ്ങാതെ ഇരുന്നു കൊള്ളണം. ചിലപ്പോൾ ചാറ്റൽ മഴ പോലെ, മഞ്ഞുരുകും പോലെ...പ്രണയം ഒഴുകുന്നു. കവിത തന്നെയാകുന്ന പ്രണയം. അശോകൻ പാടിക്കൊണ്ടിരിക്കുന്നു. അശോകനിൽ നിന്നും കവിത ഒഴുകി കൊണ്ടിരിക്കുകയാണ്. നിലയ്ക്കാത്ത പ്രവാഹംപോലെ. അശോകൻ തന്നെ കവിതയാകുന്നു. കാറ്റായും, കടലായും,മഞ്ഞായും, മഴ മുറിച്ചു കടക്കുന്ന വെയിലായും അശോകൻ മാറുന്നു. മരമായും തീ-മരമായും, പൂമരമായും പുത്തൂർ  അശോകൻ കവിതകൾ പൂക്കുന്നു. സ്വയം കവിതയാകുന്നു. വലിയ കവികളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അശോകനോട് ഞാൻ പറയട്ടെ. "നിങ്ങളും  വലിയ കവിയാണ്. കവികളിൽ അശോക ചക്രവർത്തി."

Saturday, November 2, 2024

സിനയുടെ വിന്റർ ഹ്യൂസ്

സിനയുടെ വിൻ്റർ ഹ്യൂസ് എന്ന കവിത സമാഹാരം എൻ്റെ ശ്രദ്ധയിൽപ്പെട്ട അദ്വിതീയമായ കലയായ കവിതകളുടെ ചിത്രങ്ങളാണ്. അല്ലെങ്കിൽ ചിത്രങ്ങളിൽ ഒളിപ്പിച്ചുവെച്ച കവിതകളാണ്. ഈ ഒരു തന്ത്രത്തിൽ മറ്റൊരാൾ എഴുതിയിട്ടുണ്ടോ എന്നത് എനിക്കറിയില്ല. ഉണ്ടാകാം. പക്ഷെ, എൻ്റെ ശ്രദ്ധയിൽ പെട്ട ആ ഗണത്തിൽ പെട്ട ആദ്യ സൃഷ്ഠിയാണ് വിൻറർ ഹ്യൂസ്.

ദി ഇൻസ്പിറേഷൻ എന്ന ആദ്യ കവിത എല്ലാ കലാകാരന്മാരുടെയും ഹൃദയമാണെന്ന് പറയാൻ എനിക്ക് മടിയില്ല. അതിൽ തുടങ്ങി മൈ ഡ്യൂവൽ വിത്ത് ടൈം, ദി കോൺസൊലേഷൻ, ബെനവെലോൻസ് എന്നിങ്ങനെ തുടങ്ങി ദി മെർമെയ്‌ഡ് എന്ന കവിതയിൽ ഇത് അവസാനിക്കുന്നു. 16 കവിതകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന 16 പെയിൻറിംഗുകൾ സാധാരണക്കാർക്ക് വെറും 400 രൂപയ്ക്ക് അതിൻ്റെ ചെറിയ മാതൃകകൾ കയ്യൊപ്പ് സഹിതം സമ്മാനിക്കാൻ കാണിച്ച സന്മനസിന് നന്ദി. ലളിതമായ കവിതകളിലൂടെ അമൂല്യമായ പെയിൻറിംഗുകൾ ചിത്രരചനയുടെ സങ്കേതം അറിയാത്ത സാധാരണക്കാർ ആസ്വദിക്കട്ടെ എന്ന സൂത്രമാണോ അതിനു പിന്നിൽ? അതിൽ വിജയിച്ചിരിക്കുന്നു. വരച്ച ചിത്രങ്ങളുടെ അർത്ഥം കവിതയായി എഴുതി. ഇനി കവിതകളുടെ അർത്ഥം ഞാൻ നിരൂപണമായി എഴുതുന്നത് ശരിയല്ലല്ലോ. എങ്കിലും ചിലത് പരാമർശിക്കാതിരിക്കാൻ കഴിയില്ലല്ലോ. മണിക്കൂർ സൂചിയെ മുന്നോട്ട് പോകാൻ സമ്മതിക്കാതെ സെക്കൻറ് സൂചിയെ ഓരോ സെക്കൻറ് വെച്ച് പോയാൽ മതിയെന്ന ഭാവത്തിൽ പിടിച്ചുനിർത്തുന്ന ക്യാൻവാസ് കവിതയും ജീവിതവും സത്യവുമാണല്ലോ. നൈമിഷിക സൗന്ദര്യവും ജീവിതത്തിൻ്റെ പൊതുവിലുള്ള ക്ഷണികതയും എല്ലാ കവിതകളിലും വിഷയമായി വരുന്നുവെന്നത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരിടത്ത് സ്ത്രീയുടെ ജീവിതം ആപ്പിൾ മരത്തെപ്പോലെ വരച്ചു കാണിക്കുന്ന ചിത്രകാരി ചോദിക്കുന്നു, ആപ്പിൾ മരത്തിൻ്റെ നന്മയെ ചൂഷണം ചെയ്യുന്ന സാഹചര്യമാണോ ചുറ്റും. ജീവിതത്തിൻ്റെ അർത്ഥമില്ലായ്മയ്ക്ക് ഇടയിൽ അർത്ഥം അന്വേഷിക്കുന്ന നിറങ്ങളുടെ യുദ്ധമാണ് മറ്റൊരു കവിത ചിത്രം. അടുത്ത കവിതയിൽ അഗ്നി - ദി ഫയർ എന്ന ഒറ്റ ഉപമയിൽ ജീവിതത്തിൻ്റെ വ്യത്യസ്ത രൂപാന്തരങ്ങളെ വരച്ചു കാണിച്ചിരിക്കുന്നു. ഗർഭപാത്രത്തിലെ ആദ്യ കിരണമായി തുടങ്ങുന്ന അഗ്നി ജീവിതത്തിൻ്റെ ചൂളയിൽ ധീരതയെ ചുട്ടു പഴുപ്പിച്ച ലോഹമായി താരതമ്യം ചെയ്തു അത് പിന്നീട് അതെ ചൂള വാളായി മാറ്റിയത് വിധിയാണെന്ന് പറഞ്ഞു വെക്കുന്നു കവി. വിയോഗത്തിൻ്റെ വേദനയെയും അഗ്നിയായി ഉപമിക്കുമ്പോൾ പ്രണയവും വിശപ്പും അഗ്നി തന്നെ. സ്വപ്നങ്ങൾക്ക് തിരി കൊളുത്തി പുതിയ ജ്വാലകൾ സൃഷ്ടിക്കുന്ന പ്രയാണം നടത്തുന്നു അതെ അഗ്നി മരണത്തിലും അഗ്നി തന്നെയാണെന്ന് സിന കരുതുന്നു. അതും ഒരു വിധി. അഗ്നിയായി ജീവിക്കുന്ന ചില മനുഷ്യർ മരണത്തിലും എത്രയോ മനുഷ്യരുടെ മനസ്സിൽ പ്രത്യാശയുടെ അഗ്നി വിതറിക്കൊണ്ടാണ് കടന്നുപോകുന്നത്. ചാരത്തിൽ പോലും സ്വപ്നങ്ങൾ ഉണ്ട്. അവിടെ പോലും ആത്മാവ് മയങ്ങി കിടക്കുകയല്ല. അവിടെയും അഗ്നിയാണ്. പൂർത്തിയാകാത്ത ക്യാൻവാസ് എന്ന കവിതയിൽ ക്യാൻവാസ് നിങ്ങൾ കാണില്ല. ഈ പുസ്തകത്തിലെ ചിത്രമില്ലാത്ത ഒരേ ഒരു കവിത. പുതിയ നോവലുകൾക്കായി തയ്യാറെടുക്കുമ്പോൾ ശൂന്യമായ വെള്ളക്കടലാസുകൾ വല്ലാത്ത ഉൾക്കിടിലമുണ്ടാക്കുന്നുവെന്ന് സാക്ഷാൽ എം.ടി പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണോ ഒരു ചിത്രകാരിക്ക് പുതിയ വരകൾക്കായി ഇരിക്കുമ്പോൾ സ്വയം അനുഭവപ്പെടുന്നത്? ആയിരിക്കാം. പുതിയ ക്യാൻവാസിനായി ചന്ദ്രൻ്റെ നിലാവിൻ്റെ ദയക്ക് വേണ്ടി കാത്തിരിക്കുന്ന ലുനാറ്റിക്ക് സിനക്ക് എൻ്റെ അഭിവാദ്യങ്ങൾ. 

Tuesday, October 29, 2024

സതിയുടെ മില്ലേനിയം സുന്ദരർ

സതിയുടെ മില്ലേനിയം സുന്ദരർ എന്ന ചെറുകഥാ സമാഹാരത്തിന് വൈശാഖൻ മാഷ് എഴുതിയ കുറിപ്പുകൾക്ക് മീതെ എന്താണ് ഞാൻ എഴുതേണ്ടത്? ചെറുകഥയുടെ രാജാവ് വൈശാഖൻ മാഷ് പറയുന്നു:- അതി വാചാലതയിലല്ല, ലളിതമായ ഭാഷയിലും ചടുലമായ ആഖ്യാനത്തിലും ഊന്നിക്കൊണ്ടാണ് സതി ഈ പുസ്തകത്തിലെ ചെറുകഥകൾ ഒരുക്കിയിരിക്കുന്നത്.

ഈ കഥാ സമാഹാരം ആരംഭിക്കുന്നത് ടൈലർ അപ്പൂട്ടന്റെ ഒരു വലിയ സാഹസം പറഞ്ഞു കൊണ്ടാണ്. രണ്ടു വലിയ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുമ്പോൾ ഒരു സ്വതന്ത്രൻ, അതും ടൈലർ അപ്പൂട്ടൻ പത്രിക സമർപ്പിച്ചിരിക്കുന്നു. ഇത് കാട്ടുതീ പോലെ നാട് മുഴുവൻ അറിഞ്ഞു എന്ന് പറയാനല്ല ഇത്രയും പറഞ്ഞത്. ഇത് വലിയ കോലാഹലം ഉണ്ടാക്കിയില്ല എന്നതാണ് കാര്യം. സ്ഥാനാർത്ഥികളുടെ പേരുമായി ഒരു ബന്ധവുമില്ലാത്ത ഒരു പേര്, ആർക്കും ഒരു ദോഷവും ഉണ്ടാകില്ല. വൃത്തിക്ക് വസ്ത്രം തയ്ച്ചു തരുമെന്നല്ലാതെ അപ്പുട്ടനിൽ അവർ ഒരു പ്രത്യേകതയും കണ്ടില്ല. എന്തായാലും ഇങ്ങനെ ഒരു കാര്യം കേട്ടാൽ തൃശൂർ എവിടെയും കേൾക്കുന്ന ആദ്യ വരി എന്തായിരിക്കുമെന്ന് ഞാൻ ഇവിടെ എഴുതേണ്ട കാര്യമുണ്ടോ..."എന്തൂട്ട് തേങ്ങയ്ക്കാണ്...." 

പിന്നെ അപ്പൂട്ടനെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങൾ നാട് പതുക്കെ ചർച്ച ആരംഭിക്കും. ചിലർക്ക് മാവോയിസ്റ്, ബുദ്ധിജീവികൾക്ക് കോമഡി കഥാപാത്രം അങ്ങനെ പോകുന്നു. എന്തയാലും വലിയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ അപ്പൂട്ടൻ നേരിടുന്നില്ല. വലിയ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ബാറിലിരിക്കുന്ന ഫോട്ടോ പരക്കുന്നു. സ്ത്രീ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ സദാചാര പോലീസ് ഇറങ്ങുന്നു. പക്ഷെ അപ്പൂട്ടൻ മാത്രം മനഃസമാധാനത്തോടെ  തന്റെ തയ്യൽ ജോലി തുടരുന്നു.

പിന്നെ ഞാൻ വായിച്ചു

“ഇത് വരെ കണ്ടത് ചളി, ഇനി കാണാൻ പോകുന്നത് കളി - നമ്മുടെ സ്വന്തം അപ്പൂട്ടൻ....”

അങ്ങനെ അപ്പൂട്ടൻ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും ഗ്രാമം മുഴുവൻ അപ്പൂട്ടന്റെ കൂടെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു.  ജയിക്കുമെന്നായപ്പോൾ എന്ത് സംഭവിച്ചു?  അത് ഞാൻ പറയില്ല.

തിരഞ്ഞെടുപ്പിനു  തയ്യാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികളക്ക് ഇതൊരു പാഠപുസ്തകമായി പലതലങ്ങളിൽ അനുഭപ്പെട്ടാൽ അതിശയിക്കേണ്ട.  തെരഞ്ഞെടുപ്പ് ദിവസം അടുത്തപ്പോൾ അപ്പൂട്ടൻ എന്ത് ചെയ്തു? എന്തുകൊണ്ട്‌?

അങ്ങനെ ആദ്യ കഥയിൽ തുടങ്ങി ഷോട്സ് ഇട്ട പെൺകുട്ടികൾ എന്ന ചെറുകഥയിലേക്ക് എത്തിയപ്പോൾ കപട സദാചാരത്തിനെതിരെയുള്ള യുദ്ധമായി മാറുന്നു. ബെർമുഡ എടുത്ത കുട്ടികൾ നാടിൻറെ സംസ്കാരം തകർക്കുമെന്ന് പറയുന്ന വൃദ്ധനോട്, പണ്ട് അയാൾ തന്നെ  ഒളിച്ചു പോയി കണ്ട ചില പ്രത്യേക സിനിമകളെ കുറിച്ച് ഓർമ്മിപ്പിക്കുന്ന കഥാപാത്രം. വേനലിൽ വറ്റാത്ത പുഴയിൽ പറയുന്നു സ്ത്രീകളുടെ മുൻകാല ചരിത്രമറിയാൻ പലർക്കും താല്പര്യം കാണും എന്നാലും ഒരു പുരുഷനെ കുറിച്ചും  അനാവശ്യ ആകാംഷകൾ അയൽവാസികൾക്ക് ചിലപ്പോൾ ഉണ്ടാകാം. പ്രത്യേകിച്ചും ആർക്കും പിടികൊടുക്കാതെ നടക്കുന്ന ...നാട്ടുഭാഷയിൽ പറഞ്ഞാൽ “വലിയ അലമ്പില്ലാതെ” നടക്കുന്നവരെ കുറിച്ചും ആകാംഷ ഉണ്ടാകാമെന്ന് സാരം. അങ്ങനെ തുടങ്ങി കോഡ്, വേനലിലും വറ്റാത്ത പുഴ… എന്നീ കഥകളിലൂടെ സഞ്ചരിച്ചു നെരിപ്പോട് എന്ന കഥയിലെ ആർദ്ര ഭാവങ്ങളിൽ ഇറങ്ങി ചെന്ന് നിൽക്കുമ്പോൾ ഈ ചെറുകഥ പുസ്തകവിമാനം ഒരു ചെറുപറക്കൽ നടത്തി മൃദുവായി വായനക്കാരുടെ ഹൃദയത്തിൽ ലാൻഡ് ചെയ്യുമ്പോൾ  അതിന് പ്രത്യേക മാനം കൈവരുന്നു. കൂടുതൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ പുസ്തകാസ്വാദനം വായനക്കാർക്ക് സമർപ്പിക്കുന്നു.

Friday, July 14, 2023

നോവൽ : നാലുകെട്ട് - ഒരു പുനർവായന - (എം.ടി @ 90) - ജന്മദിനാശംസകൾ

കൃത്യം മുപ്പത് വർഷത്തിന് ശേഷം എം.ടിയുടെ  നാലുകെട്ട് വായിക്കാനെടുക്കുമ്പോൾ ഒരു പഴയ പുസ്തകം പൊടി തട്ടി എടുത്ത് വായിക്കുന്നുവെന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയോ? വായന തുടങ്ങി അൽപ്പം കഴിഞ്ഞപ്പോഴേക്കും കുറച്ചു കാലം മുമ്പ് സാറ ടീച്ചറോട് ഞാൻ പറഞ്ഞ അതേ വാക്കുകൾ എന്റെ മനസ്സിൽ വിരിഞ്ഞു വന്നു. ജനിച്ച വീണ കുഞ്ഞിനെ ആദ്യമായി കയ്യിലെടുക്കുമ്പോൾ നമ്മുക്ക് അനുഭവപ്പെടുന്ന കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരി. കുറേ കാലം കൊച്ചുകുട്ടികളുടെ മുഖത്ത് കാണുന്ന ആ കുസൃതി പുഞ്ചിരി ഈ പുസ്തകത്തിന് ഒരിക്കലും നഷ്ടപ്പെട്ടില്ല.ഒരു പക്ഷെ, എഴുത്തുകാരന്റെ ആദ്യ നോവലിന്റെ അനുഭവമായിരിക്കും അതുമല്ലെങ്കിൽ ആദ്യ നോവൽ ഏറിയ ഭാഗവും അപ്പുണ്ണി എന്ന കുട്ടിയുടെ കണ്ണുകൊണ്ട് നടത്തിയ രചന എന്ന രീതിയുമാകാം.

"വളരും. വളർന്ന് വലിയ ആളാവും. കൈകൾക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കാം. ആരെടാ എന്ന് ചോദിച്ചാൽ, പരുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം: 'ഞാനാണ് കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണി.' അങ്ങനെയാണ് എം.ടി ഈ നോവൽ തുടങ്ങുന്നത്. അത്രയും വായിച്ചപ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടാം മൂഴത്തിലെ ഭീമന്റെ ശബ്ദവും രൂപവും എന്റെ മനസ്സിൽ എത്തിനോക്കി.

അച്ഛന്റെ മരണശേഷം അമ്മയും ഒരു മകനുമായി (അപ്പുണ്ണി) ചെറിയ ഒരു വീട്ടിലെ താമസം. സ്‌കൂളിൽ വിട്ടാൽ വീട്. ഇടയ്ക്ക് അമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് പീടികവരെ പോകുന്ന അപ്പുണ്ണി. എട്ടിലാണവൻ പഠിക്കുന്നത്. പീടികയിൽ പോകുന്നത് അവന് ഇഷ്ടമാണ് പുറത്തെ കാഴ്ചകൾ കാണാൻ ലഭിക്കുന്ന അവസരമാണല്ലോ. ഇടയ്ക്ക് മുത്താച്ചിയുടെ വീട്ടിലെ സന്ദർശനം. മുത്താച്ചിയാണ് നാട്ടിലെ കഥകൾ അപ്പുണ്ണിയെ അറിയിക്കുന്നത്. അച്ഛൻ കോന്തുണ്ണി നായരേ കുറിച്ചും അപ്പുണ്ണി കൂടുതൽ അറിയുന്നത് മുത്താച്ചിയിൽ നിന്നാണ്.

എല്ലാ ആൺകുട്ടികളെയും മുത്താച്ചി അപ്പുവെന്നാണ് വിളിക്കുക. പെൺകുട്ടികളെ അമ്മുവെന്നും.

'ഓനെപ്പോലെ സ്നേഹമുള്ള ഒരാൺകുട്ടി ഈ ദേശത്ത് ഉണ്ടായിട്ടില്ല. ആന പിടിച്ചാൽ എത്താത്ത തടി...'

അച്ഛനെ പറ്റി കാണുന്നവരെല്ലാം പറയും. എന്തിനും ഏതിനും കോന്തുണ്ണി നായർ വേണം. കല്യാണത്തിനും പതിനാറടിയന്തരത്തിനും പുരകെട്ടിനും എല്ലാം ശ്രമിക്കാൻ അച്ഛനുണ്ടാവും. എന്നാൽ അച്ഛന്റെ വീട്ടുക്കാർക്ക് ചെറുപ്പത്തിൽ തന്നെ അച്ഛനെ കണ്ടുകൂടായിരുന്നു. അവൻ പകിട തിരുമ്പി നടക്കട്ടെ ..തോന്നിവാസി എന്നാണ് അച്ഛന്റെ 'അമ്മ അച്ഛനെ കുറിച്ച് പറഞ്ഞിരുന്നത്.

കോന്തുണ്ണി നായർ പേരുകേട്ട പകിട കളിക്കാരനായിരുന്നു. എണ്ണം പറഞ്ഞു പകിട വീഴ്ത്താൻ ഒരു കളിക്കാരനെ ഉണ്ടായിട്ടുള്ളൂ. അതവന്റെ അച്ഛനാണ്. നാട്ടിലെ ചെറുപ്പക്കാർ മുഴുവൻ അച്ഛന്റെ പിന്നാലെയാണ് നടന്നിരുന്നത്. എന്നാൽ കല്യാണത്തിന് ശേഷമാണ് കൂട്ടുകാർ അച്ഛനെ കൈയൊഴിഞ്ഞത്. അച്ഛൻ അമ്മയുടെ തറവാടിനെ അപമാനിച്ചതാണത്രെ. വടക്കട്ടെപ്പാട്ട് തറവാട്ടിൽ നിന്നും പാറുക്കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് അച്ഛൻ. തറവാടിത്തം കുറഞ്ഞു പോയതിന് പല കാരണങ്ങൾ ഉണ്ട്. പണ്ട് പണ്ട് അച്ഛന്റെ വീട്ടിലൊരു പെണ്ണ് പിഴച്ചു. പിന്നെ പല ജാതിക്കാരുടെകൂടെ അച്ഛൻ നടക്കും.  മുത്താച്ചിയിൽ നിന്നും അപ്പുണ്ണി കേൾക്കുന്ന ഓരോ കഥയിലും അച്ഛൻ കോന്തുണ്ണി നായർ നായകനാണ്. കേൾക്കുന്ന കഥകളിൽ വില്ലനായി അവതരിപ്പിക്കപ്പെടുമ്പോഴും അച്ഛൻ കോന്തുണ്ണി നായർ ആൺകുട്ടിയായിരുന്നുവെന്ന് അപ്പുണ്ണി മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. അച്ഛന്റെ പെട്ടന്നുള്ള മരണത്തിന് ഉത്തരവാദി സെയ്താലികുട്ടിയാണെന്ന് അപ്പുണ്ണി ആ കഥകളിൽ നിന്ന്  തിരിച്ചറിയുന്നുണ്ട്. പ്രതികാരം ചെയ്യണം. പക്ഷെ, ഇനിയും വലുതാകാനുണ്ട്. അപ്പുണ്ണി സ്വയം പറയും. അതിനു മുമ്പ് അയാളെ കാണരുത്. അച്ഛന്റെ ഘാതകനെ. ഈ വാചകങ്ങൾ മനസ്സിൽ വീണ്ടും കേട്ടു നോക്കു, എം.ടി യുടെ ഭീമൻ വായനക്കാരുടെ മനസ്സിൽ ഓടിവന്നില്ലെങ്കിൽ അത്ഭുതമായിരിക്കും.

അവർക്കുള്ള ആകെയുള്ള സഹായം തറവാട്ടിലെ പഴയ കാര്യസ്ഥനായ ശങ്കരൻ നായരാണ്.  അമ്മയുടെ തറവാടായ നാലുകെട്ടിലേക്ക് അപ്പുണ്ണിക്ക് പോകണം. നാഗതുള്ളൽ കാണണം.  ഈ കാര്യത്തിൽ അമ്മ പാറുക്കുട്ടി പറയുന്നത് കേൾക്കാൻ അപ്പുണ്ണിക്ക് താല്പര്യമില്ല. അവൻ മുത്താച്ചിയെ കൊണ്ട് അമ്മയുടെ അടുത്ത് ശുപാർശ ചെയ്യിപ്പിച്ചു. ശങ്കരൻനായർ അപ്പുണ്ണിയെ പിൻതാങ്ങി. അപ്പുണ്ണിക്കും ചെറിയ  അവകാശമുള്ള സ്ഥലം.  താമസിക്കുന്ന വീടിന്റ അടുത്തുള്ള നാലുകെട്ട് തറവാട് എത്രയോ ദൂരമുള്ളമായി അപ്പുണ്ണിക്ക് അനുഭവപ്പെടുമ്പോൾ ആ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട പാറുകുട്ടിയുടെ മനസ്സ് നമ്മുക്ക് വായിച്ചെടുക്കാൻ സാധിക്കും.

നാഗതുള്ളൽ നടക്കുന്ന ദിവസം തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്. കുടുംബക്കാരും ബന്ധുക്കളും. പുള്ളുവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ മാളു. ഭാസ്കരേട്ടൻ, കൃഷ്ണൻ കുട്ടി, അച്ഛമ്മ, തങ്കേടത്തി, അമ്മിണിയേടത്തി, വലിയമ്മാവൻ, കുട്ടമ്മാവൻ...അങ്ങനെ തറവാട്ടിലെ എല്ലാവരും വലിയ ബഹളത്തിലാണ്. വലിയമ്മാമയാണ്  കാരണവർ. എല്ലാവർക്കും അദ്ദേഹത്തെ ഭയമാണ്.  വീടിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന കൂട്ടമാമയും വലിയമ്മാമയുടെ മുന്നിൽ വായ തുറക്കാറില്ല. ദേശത്തെ പ്രായം ചെന്നവർ വീട്ടിൽ വരുമ്പോൾ വലിയമ്മാമ സംസാരിക്കും എട്ടുകെട്ടും മൂന്ന് കയ്യാലയും അറുപത്തി നാലാളും ഉണ്ടായിരുന്ന തറവാടാണ്. മുത്താച്ചിയുടെ കൂടെയാണ് അപ്പുണ്ണി തറവാട്ടിൽ തുള്ളൽ  കാണാൻ വന്നിരിക്കുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് മാളു അപ്പുണ്ണിയോട് ചോദിക്കുന്നത്

"കുട്ട്യേവിടുത്തെയാ?"

അപ്പുണ്ണിയുടെ മുഖം ചുവന്നു.  "ഞാൻ ഇവിടത്തെ...ഞാൻ കോന്തുണ്യരുടെ മകനാ.. " അപ്പുണ്ണി ആ മേൽവിലാസം അത്രയേറെ ആഗ്രഹിച്ചിരുന്നു. മാളുവുമായി അപ്പുണി സൗഹൃദം സ്ഥാപിച്ചു. മാളുക്കുട്ടിയുടെ സഹായത്തോടെ അവൻ തറവാട് വീട്ടിലെ ഓരോരുത്തരെയും മനസിലാക്കികൊണ്ടിരുന്നു. അത്ഭുതം വിടർന്ന കണ്ണുകളോടെ അവൻ നാഗത്തുള്ളൽ കണ്ടുകൊണ്ടിരുന്നു. വലിയമ്മാമയുടെ മകൾ അമ്മിണിയിൽ അവന്റെ കണ്ണുകൾ ഉടക്കി. തങ്കേടത്തിയും ഒപ്പമുണ്ട്. കൊട്ടും പാട്ടും വേഗത്തിലാവുന്നതോടെ തുള്ളലിന്റെ വേഗവും വർദ്ധിച്ചു. കയ്യിൽ പിടിച്ച കവുങ്ങിൻ പൂങ്കുല വിടാതെ സർപ്പങ്ങളെപ്പോലെ ആടിയുലഞ്ഞുകൊണ്ട് നിരങ്ങി നീങ്ങുകയാണ്. മാളു എന്തൊക്കൊയോ പറയുന്നുണ്ട്. എല്ലാം കണ്ണ് തുറക്കാതെ തന്നെ അപ്പുണിക്ക് കാണാൻ കഴിയുന്നു. അവനിപ്പോൾ അപ്പുണ്ണിയല്ല. രാജകുമാരനാണ്. തന്റെ രാജ്യം കാണാൻ വന്ന് വഴി തെറ്റിപ്പോയ രാജകുമാരൻ. അമ്മമ്മയോട് കുശലം പറഞ്ഞു കഞ്ഞിയും പപ്പടം ചുട്ടതും ഇല ചീന്തിൽ ചമ്മന്തിയും കഴിക്കാനിരിക്കുമ്പോൾ ആ ഭീകരൻ എത്തി. വലിയമ്മാമ. അന്തരീക്ഷം പെട്ടന്നാണ് മാറിയത്.

"എന്റെ തറവാട് കണ്ട ചണ്ടി പണ്ടാരങ്ങൾക്ക് കേറാൻ ഉള്ള സ്ഥലമല്ല ...ഇറങ്ങടാ ..ഇനി ഈ വളപ്പിൽ കണ്ടാൽ ..." അപ്പുണ്ണിക്ക് ഭക്ഷണം കഴിക്കേണ്ടി വന്നില്ല..പിന്നെ അവൻ നടക്കുകയായിരുന്നില്ല...ഓടുകയായിരുന്നു. ഓടി ഇടവഴി കയറി കുന്നിൻ ചെരുവിലെത്തി. ആട്ടി ഓടിക്കുക. പുഴുത്ത പട്ടിയെപ്പോലെ ഓടിക്കുക. മരിച്ചാൽ പിന്നെ മാനക്കേടില്ല. ആരും ആട്ടുകയില്ല, ശകാരിക്കുകയുമില്ല. പെട്ടന്ന് പിന്നിൽ നിന്നും ഒരാളുടെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ സെയ്താലിക്കുട്ടി. അച്ഛനെ കൊന്നത് പോരാതെ തന്നെയും വകവരുത്താനാണോ ഇയാൾ പിന്നിൽ നിൽക്കുന്നത്? പക്ഷേ കണ്ണിലേക്ക് നോക്കിയപ്പോൾ അമ്മമ്മയുടെ കണ്ണിൽ കണ്ട ദയനീയത അവൻ നിരീക്ഷിച്ചു. ശത്രു മിത്രമായിട്ടാണ് തന്റെ മുന്നിൽ നില്ക്കുന്നത്. കാര്യം മനസിലാക്കി സെയ്താലിക്കുട്ടി അപ്പുണ്ണിയെ സമാധാനിപ്പിച്ചു.

ഹൈസ്കൂളിൽ ചേരാൻ പോകുന്ന ദിവസം അപ്പുണ്ണിയ്ക്ക് ഉത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. ഫീസിനുള്ള പണം 'അമ്മ ശങ്കരൻ നായരെ ഏൽപ്പിച്ചു. വടക്കേപ്പാട്ട് തറവാട് വീടിനു മുന്നിലൂടെയാണ് അപ്പുണ്ണിക്ക് പോകേണ്ടത്. പുതിയ കൂട്ടുകാരുണ്ടായി. വലിയ വരമ്പിൽ എത്തിയാൽ വടക്കേപ്പാട്ട് തറവാട്ടിലേക്ക് ഒന്ന് നോക്കും. വടക്കേപാട്ടിൽ നിന്ന് രണ്ടു പേര് സ്‌കൂളിൽ വരുന്നുണ്ട്. ഭാസ്കരനും, കൃഷ്ണൻ കുട്ടിയും. ഭാസ്കരനും കൃഷ്ണൻ കുട്ടിയും കാളവണ്ടിയിലാണ് സ്‌കൂളിൽ വരുന്നത്. വണ്ടി ഏതോ മാപ്പിളയുടെ വകയാണ്. അവർ വരുന്നതും പോകുന്നതും അസൂയയോടെ മറ്റുള്ളവർ നോക്കി നിൽക്കും. സ്‌കൂളിൽ നടക്കാതെ വരുന്നവർ അവർ രണ്ടു പേരാണ്. വലിയ ആളാണെന്ന ഭാവം സംസാരത്തിലും നടത്തത്തിലും ഉണ്ട്. അപ്പുണ്ണിയുടെ പുതിയ കൂട്ടുകാരൻ മുഹമ്മദാണ്. ഒരിക്കൽ മുഹമ്മദിനോട് പറയുന്നുണ്ട്, "ഓൻ ..ന്റെ വീട്ടില്ത്ത്യ..."

എന്നാൽ ഭാസ്കരൻ ചിലരോട് പറഞ്ഞുകൊടുത്തു "ഓൻ ..ന്റെ പടി കയറില്ല. അമ്മാമ ഓനെ ആട്ടി..ഓടിയ വഴിക്ക് പുല്ല് മുളക്കില്ല." നിശബ്ദം അപ്പുണി അത് കേട്ടു. ഭാസ്കരനല്ല, ഭാസ്കരേട്ടനാണ്. അവനെയാണ് ഏട്ടൻ എന്ന് വിളിക്കേണ്ടത്. ഇല്ല. വിളിക്കില്ല. വഞ്ചിപ്പോത്തൻ. വലിയമ്മയുടെ മകൻ. അച്ഛൻ നമ്പൂരിയാണത്രെ. അപ്പുണ്ണി എല്ലാവരിൽ നിന്നും അകന്നു നില്ക്കാൻ ആഗ്രഹിച്ചു. ഇടയ്ക്ക് സ്കൂളിൽ പോയി വരുമ്പോൾ മാളുവിനെ കാണുന്നുണ്ട്. വടക്കേപ്പാട്ടിലേക്ക് അപ്പുണ്ണിയെ ക്ഷണിക്കുന്നു.  

ആട്ടിയോടിച്ചപ്പോൾ നോക്കി നിന്നവർ ഇപ്പോൾ വിളിക്കുന്നു. നാഗത്തുള്ളൾ നടത്തിയ അമ്മിണിയെ കാണുന്നു. തന്നെക്കാൾ മൂന്ന് വയസ്സിന് മൂപ്പുള്ളതുകൊണ്ട് അമ്മിണിയേടത്തിയെന്ന് വിളിക്കുന്നു. അന്നത്തെ സംഭവത്തോടെ അവരും അപ്പുണിയുടെ പേര് മനസിലാക്കിയിരിക്കുന്നു.

വീട്ടിലെത്തിയപ്പോൾ എന്തൊക്കൊയോ ആലോചിച്ച് അസ്വസ്ഥനായി അപ്പുണി സ്വയം പറഞ്ഞു. ഞാൻ ഇല്ലത്തെ പണിക്കാരിയുടെ മകനല്ല. അപ്പുണ്ണി കോന്തുണ്ണി നായരുടെ മകനാണ്. ദേശത്തെ വെല്ലുവിളിച്ചു ജയിച്ച പകിട കളിക്കാരൻ കോന്തുണ്ണി നായർ. ശങ്കരൻ നായരുടെ പോക്ക് വരവിനെ കുറിച്ച് നാട്ടിൽ നടക്കുന്ന കിംവദന്തികൾ മുത്താച്ചി അപ്പുണിയെ അറിയിക്കുന്നു. അപ്പുണ്ണിക്ക് പുതിയ ശത്രു ജനിക്കുന്നു. കാര്യസ്ഥൻ ശങ്കരൻ നായർ. അവന്റെയും അമ്മയുടെയും സഹായി പെട്ടന്ന് അവന്റെ മാത്രം ശത്രുവായി മാറുന്നു.

ശങ്കരൻ നായരുടെ പോക്കുവരവിൽ അപ്പുണ്ണി അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി. കുന്നുംപുറത്തു ഒറ്റക്കിരിക്കുമ്പോൾ സെയ്താലിക്കുട്ടി അവിടെയെത്തി. തളർന്ന കണ്ണിലൂടെ അവൻ അയാളെ നോക്കി. മുമ്പ് തറവാട്ടിൽ നിന്നും ആട്ടിയിറക്കിയപ്പോഴും അയാൾ അവന്റെ അടുത്തെത്തിയിരുന്നു.  ഇപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴും. സെയ്താലിക്കുട്ടിയുടെ നിർദേശപ്രകാരം അപ്പുണി തറവാട്ടിലേക്ക് കയറി. അടഞ്ഞു കിടന്ന പടിപ്പുര അവൻ തള്ളി തുറന്നു. വലിയമ്മാമ പത്തായപുരയുടെ മുകളിൽ നിന്ന് നോക്കുന്നുണ്ടാവും. നോക്കട്ടെ. മനസ്സ് മന്ത്രിച്ചു. ഉശിരുള്ള അച്ഛന്റെ മകനാണവൻ. അമ്മമ്മ അവനെ സ്വീകരിച്ചു. വലിയമ്മാമ തല്ലാൻ കൈയോങ്ങി. ഇത്തവണ  കുട്ടമ്മമാ വലിയമ്മാമയെ തടഞ്ഞു. ആദ്യമായി കുട്ടമ്മാമയുടെ ശബ്ദം ഉയർന്നു. അധികാര ഭ്രാന്തിനെതിരെയുള്ള ആദ്യ ശബ്ദം. വിപ്ലവത്തിന്റെ ആദ്യ വെടി. എത്രയോ വർഷമായി മാടിനെപ്പോലെ പണിയെടുക്കുന്നു ഒരു വിലയുമില്ലാതെ. അങ്ങനെ അപ്പുണ്ണിക്ക് കിടക്കാൻ വടക്കേപ്പാട്ട് തറവാട്ടിൽ ഒരു സ്ഥലം കിട്ടി. കോണിമുറി.

സ്‌കൂളിലേക്ക് അവൻ നേരത്തെ പുറപ്പെട്ടു. തറവാട്ടിൽ നിന്നും സ്‌കൂളിലേക്ക് കാളവണ്ടിയിൽ പോകുന്നവരുടെ കാര്യം അവൻ ശ്രദ്ധിച്ചില്ല. സ്‌കൂൾ വിട്ട് വരുമ്പോൾ വലിയമ്മാമ പുറത്തു നിൽക്കുന്നുണ്ടെങ്കിലും കണ്ടതായി ഭാവിച്ചില്ല.വടക്കേപ്പാട്ട് അമ്മാവനും മരുമകനും തമ്മിൽ തെറ്റിയിരിക്കുന്നു. കാര്യങ്ങൾ തറവാട് ഭാഗം വെപ്പിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. പതിനഞ്ചോ പതിനാറോ വയസിൽ പാടത്തിറങ്ങാൻ തുടങ്ങിയതാണ്. ഇരുപത്തകൊല്ലത്തിലേറെയായി അധ്വാനിക്കുന്നു. ഒരു നല്ല മുണ്ട് ചുറ്റാനില്ല. പുറത്തു നിന്ന് ഒരു കോപ്പ ചായ കുടിക്കാൻ കാശില്ല. പടിയ്ക്കൽ പണി ചെയ്യുന്ന ചെറുമക്കൾക്ക് ഓണവും വിഷുവും തിരുവാതിരയും വന്നാൽ അളവുണ്ട്. അവരുടെ സ്ഥിതി കുട്ടൻ നയരേക്കാൾ ഭേദമാണെന്ന് സ്വയം പറഞ്ഞു. തറവാട് ഭാഗം വെപ്പിലേക്കുള്ള ചർച്ചക്ക് വക്കീലുമായി സംസാരിച്ച് ആക്കം കൂട്ടി. അതിനിടയിൽ ശങ്കരൻ നായർ അപ്പുണ്ണിയുടെ അമ്മയെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വടക്കേപ്പാട്ട് നാലുകെട്ട് തറവാടിന്റെ കോണിമുറിയിൽ അപ്പുണി നിരവധി പേരുടെ ഇടയിൽ ഏകാന്തതയിൽ കഴിച്ചുകൂട്ടി. ഒരു അന്യനെപ്പോലെ; അവകാശമുള്ള അന്യൻ.

 

നാലുകെട്ടിലെ കോണി ചുവട്ടിൽ മാസങ്ങൾ പിന്നിട്ടു. ഒരു ദിവസം സ്‌കൂളിൽ, ക്ളാസിലേക്ക് വയസൻ പീയൂൺ കയറി വന്നു. 'വി അപ്പുണ്ണി. ഹെഡ് മാഷ് വിളിക്കുന്നു.'

കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി. സാധാരണ എന്തെങ്കിലും കേസുണ്ടാക്കിയവരെയാണ് ഓഫിസിലേക്ക് വിളിക്കുക. അവൻ സ്കോളർഷിപ്പ്  പരീക്ഷ പാസായിരിക്കുന്നു. മാസത്തിൽ ആറുറുപ്പിക. അരക്കൊല്ലപരീക്ഷയിൽ ഒന്നമനായതുകൊണ്ട് കിട്ടിയതാണ്. എട്ട് മാസത്തെ സംഖ്യ പാസ്സായിരിക്കുന്നു. നാല്പത്തെട്ട്‍ രൂപ. അപ്പുണ്ണിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കൈ വിറച്ചുകൊണ്ട് അത് വാങ്ങിച്ചു. വീട്ടിലെത്തിയപ്പോൾ തനിക്കുമുമ്പേ ആ വാർത്ത വീട്ടിലെത്തിയിരുന്നു. അമ്മമ്മയുടെ സ്വീകരണത്തിൽ നിന്നും പണത്തിന്റെ വില അപ്പുണ്ണി മനസിലാക്കി. അങ്ങനെയാണ് പുതിയ രണ്ടു കുപ്പായം ഉണ്ടായത്. ബാക്കി കുട്ടമ്മാമ അമ്മമ്മയുടെ കയ്യിൽ നിന്നും പിന്നീട് കടം വാങ്ങിയെന്ന് അപ്പുണ്ണി അറിഞ്ഞു. അതിലൊന്നും അപ്പുണ്ണിക്ക് വിഷമമില്ല. പെട്ടന്ന് ധനികനായപ്പോലെ തോന്നി. കുട്ടമ്മാമ തന്റെ കടക്കാരനാണ്. അമ്മമ്മ തന്റെ കടക്കാരനാണ്. ഞാൻ ഈ പുസ്തകം വായിക്കുന്ന പുതിയ കാലത്തും (2023) സമ്മാനമായി ഹൈസ്‌കൂൾ കുട്ടികൾക്ക് (എന്റെ കുട്ടികളുടെ മുഖത്തും) പണം ലഭിക്കുമ്പോൾ ഞാൻ അപ്പുണ്ണിയെ അവരിൽ കണ്ടിട്ടുണ്ട്. ലൈസൻസ് കിട്ടി ആദ്യമായി കാർ ഡ്രൈവ് ചെയ്ത് വീട്ടുകാരെ കൊണ്ട് ബന്ധുവീടുകളിലേക്ക് പോകുന്ന ചെറുപ്പക്കാരിലും ഈ കാലത്ത് ഞാൻ അപ്പുണ്ണിയെ കണ്ടിട്ടുണ്ട്. ആദ്യമായി ജോലി ലഭിച്ച് വീട്ടിലേക്ക് സമ്മാനങ്ങൾ കൊണ്ടുവരുമ്പോഴും ചെറിയ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അപ്പുണ്ണി-സന്തോഷങ്ങൾ ഈ കാലത്തും നാം കാണുന്നതാണല്ലോ. എങ്കിലും പഴയകാല നാലുകെട്ട് തടവറയുടെ തീവ്രത അവരിൽ കാണാൻ ഇടയില്ല.  അത് മോശം കാര്യമാണെന്നല്ല, മാറ്റം കാലത്തിന്റെ അനിവാര്യതയാണല്ലോ.

കുട്ടമ്മാമ അപ്പുണിയുടെ വശം പിടിച്ചെങ്കിലും കടം വാങ്ങിയ പണം പരീക്ഷ എഴുതാൻ തിരിച്ചു ചോദിച്ചപ്പോൾ നല്ല മറുപടിയല്ല അപ്പുണ്ണിക്ക് ലഭിച്ചത്. "നീ ഇനി പഠിച്ചു തുക്കിടി സായ്‌വ് ആകാനാണല്ലോ .." കൂട്ടുകാരൻ മുഹമ്മദിന്റെ സഹായത്തോടെ പരീക്ഷക്കുള്ള പണം, അപ്പുണ്ണി കണ്ടെത്തുന്നു. ദിവസങ്ങൾക്ക് ശേഷം അപ്പുണ്ണി മനസിലാക്കി, അമ്മയാണ് പണം മുഹമ്മദിന് കൊടുത്തത്. ഈ കാലത്തിനുള്ളിൽ തന്നെക്കാൾ മൂന്ന് വയസിന് മുതിർന്ന അമ്മിണിയേടത്തിയുടെ പ്രേമവും ചില സുന്ദര നിമിഷങ്ങളും തറവാട് ഭാഗം വെപ്പിന് അധികാരി വന്ന് സംസാരിക്കുന്നതും മറ്റു തർക്കങ്ങളും, അമ്മിണി അവരുടെ വീട്ടിലേക്ക് പോകുന്നതുമെല്ലാം അപ്പുണ്ണിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു.

പത്താം ക്‌ളാസ് പാസായി ഒരു ജോലിക്ക് കയറാൻ ശ്രമം തുടങ്ങുമ്പോൾ ആദ്യം സഹായിക്കാനെത്തുന്നത് സെയ്താലിക്കുട്ടി. എങ്ങനെയെങ്കിലും ആ തറവാട്ടിൽ നിന്നും പുറത്തു പോകണം. സെയ്താലിക്കുട്ടി വയനാട്ടിൽ ജോലി ശരിയാക്കിയിട്ടുണ്ട്. വണ്ടി കൂലിയില്ല. പഠിപ്പിച്ച അധ്യാപകനെ കണ്ട് ലജ്ജിക്കാതെ കാര്യം പറഞ്ഞു. പത്ത് രൂപ കൊടുത്ത് അപ്പുണ്ണിയെ സഹായിച്ചു. കൃതജ്ഞതകൊണ്ട് കണ്ണ് നിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഒരു ചുഴലി കാറ്റിന്റെ വേഗത്തിൽ അവൻ നടന്നു. ഇനി ഒരിക്കലും ആ കോണിമുറിയിൽ കിടക്കാൻ ഇടവരാതിരിക്കട്ടെ. അവൻ സ്വയം പറഞ്ഞു. സുഹൃത്ത് മുഹമ്മദിനോട് യാത്ര പറഞ്ഞു. മറ്റാരോടും ഒന്നും പറയാനില്ല. ഒരുങ്ങാൻ അധികമൊന്നുമില്ല. അമ്മമ്മയോട് പറഞ്ഞു. "ഓന്റെ കഷ്ടകാലം കഴിഞ്ഞു" അമ്മമ്മ പറഞ്ഞു. അപ്പുണ്ണി ഒരിക്കൽക്കൂടി കോണിമുറിയിൽ പോയി നോക്കി. എടുക്കാൻ ഒന്നുമില്ല. തിരിഞ്ഞു നോക്കാതെ മുറ്റത്തേക്കിറങ്ങി. പടിക്കലേക്കിറങ്ങുമ്പോൾ മുറ്റത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി. എതിർ വശം കുട്ടമ്മാമ വരുന്നു. മുഖം നോക്കാതെ ഒരു വശത്തേക്ക് മാറി നിന്നു.

അപ്പുണി ഏറ്റവും വെറുത്തിരുന്ന സെയ്താലിക്കുട്ടിയുടെ വിരുന്നുകാരനായി വയനാട്ടിൽ ജീവിതമാരംഭിച്ചു. കാലം അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. ജോലിയിൽ കയറി അഞ്ച് വർഷം പിന്നിട്ടു. സെയ്താലിക്കുട്ടിയുടെ സഹായത്താൽ അയാളുടെ പരിചയക്കാരൻ ശങ്കരമേനോൻ വഴി എസ്റ്റേറ്റ് ഭരണം. ജോലി കഴിഞ്ഞാൽ ക്വാർട്ടേഴ്‌സ്. പിന്നെ വീണ്ടും ജോലി. കൂടെ മറ്റൊരാളുണ്ട്. ഭാസ്കരൻ നമ്പ്യാർ. പിന്നെ എബ്രഹാം ജോസഫ്. മറ്റൊരാൾ കുറുപ്പ്. അയാൾ വിവാഹിതനാകാൻ പോകുന്നു. നാട്ടിലേക്കുള്ള യാത്രയിലാണ്. വിവാഹം കഴിക്കാൻ പോകുന്നവളെ കണ്ടിട്ടില്ല. 'അമ്മ കണ്ടെത്തിയതാണ്. അമ്മയാണ് അയാൾക്കെല്ലാം. അവിടെ എത്തിയിട്ട് അഞ്ച് വർഷമല്ല അമ്പതുകൊല്ലം കഴിഞ്ഞുവെന്നാണ് അപ്പുണ്ണിക്ക് തോന്നിയത്. അഞ്ച് വർഷങ്ങളുടെ മറുകരയിൽ നിന്ന് ഇപ്പോൾ തിരിഞ്ഞു നോക്കാൻ തോന്നുകയാണ്. ഭാസ്കരൻ നമ്പ്യാർക്കും, കുറുപ്പിനും, ജോസഫിനും കുട്ടികാലത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്. അപ്പുണ്ണി എല്ലാം കേട്ടിരിക്കും. അയാൾക്ക് ഒന്നും പറയാനില്ല. അനാഥൻ എന്ന ഭാവമാണ്. ചിലപ്പോൾ തോന്നും സ്വയം വഞ്ചിക്കുകയാണെന്ന്. അപ്പോൾ സെയ്താലികുട്ടിയുടെ കാര്യം അപ്പുണ്ണി ആലോചിച്ചു.  അയാൾ ശരിയാക്കി കൊടുത്തതാണ് ഈ ജോലി.  145 രൂപ ശമ്പളം. താമസിക്കാൻ സ്ഥലം വെറുതെ. ആ കാലത്ത് ജീവിതത്തിൽ  നൂറിന്റെ നോട്ട് കണ്ടിട്ടില്ല. പിന്നെ ബോണസ് വേറെ. അത് എന്തെന്ന് പോലും അറിയില്ലായിരുന്നു. ആരുമില്ലാത്ത ഭാഗ്യവാനെന്ന് ജോസഫ് അപ്പുണ്ണിയെ വിശേഷിപ്പിച്ചു. 'അമ്മ ഇല്ല എന്ന വാക്കാണ് ആദ്യം അയാളുടെ നാവിൻ തുമ്പത്ത് വന്നത്. രോഗിയായ സെയ്താലിക്കുട്ടിയെ കണ്ടപ്പോൾ അമ്മയെ ഉപേഷിക്കരുതെന്ന് അപ്പുണ്ണിയോട് അവസാനമായി പറഞ്ഞു. കുറെ കാലത്തെ ചിന്തക്ക് ശേഷം ലീവ് എടുത്ത് നാട്ടിലേക്ക് യാത്ര പോകാൻ അപ്പുണ്ണി തീരുമാനിക്കുന്നു.

വടക്കേപ്പാട്ട് തറവാടിന്റെ മുറ്റത്ത് ഒരിക്കൽ കൂടി. കൂലിക്കാരൻ പെട്ടി ചുമന്ന് അക്ഷമനായി കൂടെ നിൽക്കുകയാണ്. മീനാക്ഷി തറവാട്ടിലെ വിവരങ്ങൾ അപ്പുണ്ണിയെ ധരിപ്പിക്കുന്നു. അപ്പുണ്ണി വന്നതറിഞ്ഞു സ്നേഹം പ്രകടിപ്പിക്കാനായി പലരും തറവാട്ടിലെത്തി. തന്നെ അപമാനിച്ച ഓരോ വ്യക്തികൾ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

കൃഷ്ണൻ കുട്ടി: "അപ്പുണ്ണിയേട്ടനോട് അമ്മ വരാൻ പറഞ്ഞിരിക്കുന്നു...ഒന്നുംല്ല്യ ..ഇബടെ ബുദ്ധിമുട്ടാച്ചാൽ അവിടെ താമസിക്കാം .."

"എനിക്കവിടെ പരമസുഖം." അപ്പുണ്ണി മറുപടി പറയുന്നു.  അപ്പുണ്ണി സിഗററ്റ് കുറ്റി നിലത്ത് ചവിട്ടി തേയ്ക്കുന്നു. പ്രതികാരത്തിന്റെ സുഖം അപ്പുണ്ണി അറിയുന്നു. ഇവിടെ വെറുമൊരു  സിഗരറ്റു കുറ്റി മാറ്റത്തിൻറെയും പുരോഗതിയുടെയും സമ്പത്തിന്റെയും പ്രതികാരത്തിന്റെ ചിന്ഹമായി ഒരേ സമയം മാറുന്ന കാഴ്ച വായനക്കാരന് തീവ്രമായി അനുഭവപ്പെടുന്നു.

കുട്ടമ്മാമ അപ്പുണ്ണിയെ വീട്ടിലേക്ക് വിളിക്കുന്നു. "മാളുവിന്‌ നീയേ ആശ്രയമുള്ളൂ." കുട്ടമ്മാമ പറഞ്ഞു. തുക്കിടി സായ്‌വ് ആയിട്ടില്ലെന്നായിരുന്നു അപ്പുണ്ണിയുടെ മറുപടി. കുട്ടമ്മാമ തൊപ്പിക്കുട ചൂടി ഇറങ്ങി പോകുമ്പോൾ അപ്പുണ്ണിക്ക് ക്രൂരമായ ആനന്ദം. വീട്ടിലെത്തി ഏഴാം ദിവസമാണ് വലിയമ്മാമയെ കാണുന്നത്. സിഗററ്റ് കുറ്റി പുകച്ച് നടക്കുമ്പോൾ ഒരു വിളി കേട്ടു. "അപ്പുണ്ണി."

വലിയമ്മാമയുടെ മുഖത്ത് പഴയ പ്രതാപമില്ല.

അന്ന് ആട്ടിയിറക്കി. പുഴുത്ത പട്ടിയെപ്പോലെ. അപ്പുണ്ണിക്ക് പഴയ ചിത്രങ്ങൾ ഓർമ്മ വന്നു. ഭാഗം വെപ്പിൽ പുര അമ്മാവനാണ് എടുത്തിരിക്കുന്നത്. "അതിൽ അഞ്ഞൂറ് രൂപ കടമുണ്ട്. വാങ്ങാൻ മാപ്ലാരുണ്ട്. എങ്ങനെയാ അവർക്ക് കൊടുക്കാ.. നെന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ അഞ്ഞൂറ് രൂപ..."

പണമുണ്ടെങ്കിലും തരില്ലെന്ന് അപ്പുണ്ണി പറയുന്നു. പിന്നെ കുറച്ചു സമയം കഴിഞ്ഞു നാലുകെട്ടിന്റെ വില എന്തെന്ന് ചോദിക്കുന്നു. മാപ്ലാര് പറയുന്ന വില നാലായിരം. അത് കൊടുത്ത് അപ്പുണ്ണി വലിയമ്മാമയുടെ കയ്യിൽ നിന്നും നാലുകെട്ട് വാങ്ങിക്കുന്നു. ഇപ്പോൾ പഴയ ഓർമ്മകളുമായി നിൽക്കുന്ന നാലുകെട്ട് അപ്പുണ്ണിയുടെ സ്വന്തമാണ്. അഞ്ച് വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം മുഴുവൻ അതിനു വേണ്ടി ചിലവഴിച്ചു. വല്ലാത്ത ഒരു ആത്മ സംതൃപ്തി.  ഒരിക്കൽ ആട്ടിയിറക്കപ്പെട്ട വീട്, ജീവനും കൊണ്ട് ഓടിപ്പോയതിനു കാരണം, ഒരു സ്ത്രീ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചു. ആ സ്ത്രീ എങ്ങനെ ജീവിക്കുന്നുവെന്ന് ആലോചിക്കാതിരിക്കാൻ അപ്പുണ്ണിക്ക് കഴിയില്ലല്ലോ. അത് അവന്റെ അമ്മയാണ്. അച്ഛൻ മരിച്ചപ്പോൾ വളർത്തി. ഇല്ലത്തെ ഉരല് പുരയിൽ പണിയെടുത്തു ഭക്ഷണം തന്നു. കടപ്പാടുകളുടെ കെട്ടുകളിലേക്ക് അപ്പുണ്ണിയുടെ മനസ്സ് സഞ്ചരിക്കുന്നു. മുഹമ്മദ്, സെയ്താലിക്കുട്ടി, അദ്ധ്യാപകൻ. അമ്മയെ കൂട്ടി നാലുകെട്ടിന്റെ പടി കയറുമ്പോൾ നേട്ടങ്ങളുടെയും തോൽവികളുടെയും കണക്കെടുക്കാൻ അപ്പുണ്ണി പാടുപെടുകയിരുന്നു....

ഇന്നത്തെ തലമുറയ്ക്ക് നാലുകെട്ട് എന്ന പേര് കേൾക്കുമ്പോൾ വീട് നിർമാണത്തിന്റെ രൂപരേഖയായിരിക്കും ആദ്യ ഓർമ്മ വരിക.  എന്നാൽ  നാലുകെട്ട് എന്ന നോവൽ പഴയ തലമുറയ്ക്ക് അത് അവരുടെ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയായിരുന്നൂ. തെളിച്ചമുള്ള കണ്ണാടി. മറ്റൊരു കാഴ്ചയിൽ ഒരു കാലഘത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ പ്രതീകമായി മാറിയ പുസ്തകം. സമൂഹ ജീർണതയുടെ ചിത്രം എം.ടി ബോധപൂർവ്വം വരച്ചതാണോ? അതോ അനുഭവ കാഴ്ചകൾ അദ്ദേഹത്തെ തീവ്രമായി വരപ്പിച്ചതോ? ആ ജീർണതക്കുള്ളിൽ ഒരു സിഗരറ്റ് പുകച്ച് വലിച്ചെറിഞ്ഞു കാലുകൊണ്ട് അമർത്തി കെടുത്തുമ്പോൾ ഒരു പ്രതികാരത്തിന്റെ അവസാനം മാത്രമല്ല ഒരു പുതിയ നായകന്റെ, കാലത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ്‌. അതിന്റെ പേരാണ് നാലുകെട്ട്, നായകന്റെ പേരാണ് അപ്പുണ്ണി.  ആ കഥയുമായി  മലയാള സാഹിത്യ ലോകത്തേക്ക് കാലെടുത്തു വെച്ച നായകന്റെ പേര് ഇപ്പോൾ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എം.ടി വാസുദേവൻ നായർ.

[*** Smoking is injurious to health.]

Thursday, March 16, 2023

Book: Unaccounted Exile - Detective Mystery

                                                        


ആർക്കിറ്റെക്റ്റ് വിമല രാമചന്ദ്രൻ എന്ന സ്ത്രീയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്  അന്വേഷണം നടത്തുന്ന പോലീസ് ഇൻസ്‌പെക്ടർ  ജോമോൻ ചെന്നെത്തുന്നത് രഹസ്യങ്ങളുടെ ഒരു വലിയ ചരിത്രത്തിലേക്കാണ്. അനോണിമസ് കോൺഫെറെൻസിങ്, ഇ-കോമേഴ്‌സ് തുടങ്ങി  അത്യാധുനിക സാങ്കേതിക വിദ്യ മുതൽ ചോളാ സാമ്രാജ്യ ചരിത്രം ചികയുന്ന സങ്കീർണമായ കുറ്റാന്വേഷണ നോവൽ. ഞാൻ കൂടുതൽ കഥ എഴുതുന്നത് ശരിയല്ല; നിങ്ങൾ വായിക്കുന്നതാണ് അതിന്റെ ശരി.

ഈ പുസ്തകം എന്നെ ആകർഷിച്ചത് ഇതിന്റെ പേരിലൂടെയാണ്. (കണക്കിൽപ്പെടാത്ത നാടുകടത്തൽ - Unaccounted exile) വായിച്ചു തുടങ്ങി ആറു മുതൽ എട്ട് മണിക്കൂർ സമയം കൊടുത്താൽ മനോഹരമായ വായനയിലൂടെ ഈ പുസ്തകം നിങ്ങൾക്ക്  ആസ്വദിക്കാം. ഡാവിഞ്ചി കോഡ് പോലെയുള്ള ഡറെറ്റക്റ്റീവ് മിസ്റ്ററി നോവലുകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഇംഗ്ലിഷ്‌ രണ്ടാം ഭാഷയായുള്ള എഴുത്തുകാരന്റെ ഒന്നാമത്തെ ഇംഗ്ലിഷ്‌ നോവൽ. എന്നാൽ ഒരിക്കലും നിങ്ങൾക്ക് അത് ഭാഷയിൽ അനുഭവപ്പെടില്ല. അന്തർദേശിയ നിലവാരത്തിലുള്ള മിസ്റ്ററി നോവലുകളുടെ നിലവാരം പുലർത്തിയിരിക്കുന്നു. ആദ്യമായി എഴുതുന്ന നോവലാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

ഈ കഥയിലെ വിമല രാമചന്ദ്രന്റെ മരണം ചുറ്റുമുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ആർക്കിറ്റെക്റ്റ് ആയി വളർന്നുകൊണ്ടിരിക്കുന്ന വിമലക്ക് ഉദ്യോഗ രംഗത്ത് ശത്രുക്കൾ ഉണ്ടാവുക സ്വാഭാവികം. നിർമാണ രംഗത്തെ ഘടനാപരമായ കാഴ്ചപ്പാടുകളിൽ വിപ്ലവം സൃഷ്ടിക്കുന്ന രീതികൾ ജോ ആൻഡ് ജോ കമ്പനിയിലേക്ക് കൊണ്ടുവന്ന അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായ വിമലയുടെ മരണം ഏവരെയും നിരാശയിലാക്കിയെന്നത് ഒരു ഘട്ടത്തിൽ നാം മനസിലാക്കുന്നു. വാസ്തുവിദ്യ, തച്ചു ശാസ്ത്രം, രൂപകൽപന തുടങ്ങിയ മേഖലകളെ കലയായി കണ്ട നിർമ്മാണരംഗത്തെ കലാകാരിയായിരുന്നു വിമല.  പല കാരണങ്ങൾകൊണ്ടും വിമലയുടെ മരണത്തിന്റെ അന്വേഷണം പോലീസിലെ ഉയർന്ന തലത്തിലെത്തന്നെ പ്രാധാന്യമുള്ള കേസായി പരിണമിക്കുന്നു.

ഇതിലെ കുറ്റാന്വേഷണ നായകൻ ജോമോൻ ക്രിമിനൽ മെട്രിക്സിലെ കണ്ണികളെ ബന്ധപ്പെടുത്താൻ നടത്തുന്ന ബുദ്ധിപരമായ അവലോകനങ്ങൾ വായനക്കാരനെ ത്രസിപ്പിക്കും. കുറ്റാന്വേഷകൻ കുറ്റവാളിക്ക് പിന്നാലെ പോകുമ്പോൾ കുറ്റവാളി അന്വേഷകന്റെ പിന്നാലെ രഹസ്യന്വേഷണം നടത്തുന്ന വിധിവിപര്യയം ഇതിവൃത്തത്തിലെ പ്രത്യേകത തന്നെയാണ്.    അറിയേണ്ട കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും റാഞ്ചിയെടുക്കാൻ തന്ത്രപരമായി ജോമോൻ കാര്യങ്ങൾ അവതരിപ്പിക്കുകയും, അതിനു ശേഷം അവരെ നിരീക്ഷിക്കുന്നതിൽ കാണിക്കുന്ന ക്രിമിനൽ കുറ്റാന്വേഷണ പാടവം എഴുത്തുകാരനിൽ നിന്നും സംക്രമിച്ചതാണോയെന്ന് സംശയിച്ചാലും തെറ്റില്ല. കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും അനുകമ്പയുള്ള ഇൻസ്പെക്ടർ ജോമോനിലേക്ക്  അവസാനം എത്തുമ്പോൾ ആ സംശയം ബലപ്പെടുന്നു.

തന്റെ രചനയെ കലാപരമായി കൗശലത്തോടെ കൗതുകത്തോടെ സൗന്ദര്യത്തോടെ ആകാംഷ നിലനിർത്തിക്കൊണ്ട് വായനക്കാരെ അവസാ നംവരെ കൊണ്ടുപോകുന്നതിൽ സന്തോഷ് നാരായണൻ വിജയിച്ചിരിക്കുന്നു.  അത് ഒരു വരിയിൽ ഞാൻ പറഞ്ഞെങ്കിലും അത് തന്നെയാണ് നോവൽ രചനയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വിദ്യ. പുതിയ രചനകൾക്ക് കൂടുതൽ ഉത്തേചനം ആശംസിക്കുന്നു.

                                                                            


Monday, October 4, 2021

ഖസാക്കിന്റെ ഇതിഹാസം - O V Vijayan

ചില യാത്രകൾ തുടങ്ങുമ്പോൾ നമ്മൾ അവിടെ വരുമെന്ന് മനസ്സ് പറഞ്ഞു വെക്കാറുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ രവി ആത്മാന്വേഷണം നടത്തുന്ന ഓരോ മനുഷ്യന്റെയും മനസ്സ് എഴുതുന്നു. അങ്ങനെയാണ് ഈ ഇതിഹാസം തുടങ്ങുന്നത്. ചവിട്ടടിപാതകൾ നാട്ടുകാര്യസ്ഥന്മാരെപ്പോലെ നാല് ഭാഗത്തേക്കും പോയിക്കൊണ്ടിരുന്നു. പലപ്പോഴും പറയാതെ പറയുന്ന കഥകൾ, ചൂണ്ടുപലകകൾ, ഒളിഞ്ഞു കിടക്കുന്ന കഥകൾ, തെളിഞ്ഞു നിൽക്കുന്ന കഥകൾ, രവി അറിയാൻ തുടങ്ങുന്ന ഖസാക്കിന്റെ ലോകത്തിലെ ഓരോ കഥകൾ, അല്ല മനുഷ്യർ പ്രത്യക്ഷപ്പെടുന്നു. പിന്നെ ഓരോന്നായി ഇതൾ വിരിയുന്നു.

കഥാ നായകൻ രവി ഏകാദ്ധ്യാപക വിദ്യാലയം ആരംഭിക്കാൻ വരുന്നതും അതിനെ എതിർക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളും കൂടെ നിൽക്കുന്നവരും രവിയുടെ പുതിയ കാഴ്ചകളാണ്. ആ ഗ്രാമത്തിൽ ഓത്ത് പള്ളിയും എഴുത്തു പള്ളിയുമുണ്ട്. മൊല്ലാക്ക പുതിയ വിദ്യാലയത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ ഖസാക്ക് വിട്ട് പോകേണ്ടി വന്ന  നൈസാമലിക്ക് അവിടെ ആ വിദ്യാലയം വരേണ്ടത് ഒരു വാശിയുടെ പ്രതിഫലനമായി വായനക്കാർ അനുഭവിച്ചേക്കാം. ബീഡി കമ്പനിയിൽ ജോലിക്ക് പോയി കമ്പനി മുതലാളിയായി വീണ്ടും കമ്പനി തൊഴിലാളിയായി മാറിയ നൈസാമലി അവസാനം സ്വതന്ത്ര പുരോഹിതൻ ആകുന്നു.  ഖസാക്കിലേക്ക് നൈസാമലി വരുമ്പോഴും പോകുമ്പോഴും  പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഖസാക്കിലേക്ക് ഖാലിയാരായുള്ള തിരിച്ചു വരവ്  ചില കണക്കുകൾ തീർക്കാൻ. ശിവരാമൻ നായരുടെയും മനോഭാവം വ്യസ്തമല്ല. അന്ധകാരത്തിൽ ഒരു പ്രകാശം വരുമ്പോൾ അതിനെ ഭയത്തോടെ വീക്ഷിക്കുന്ന മനുഷ്യർ, അതിനെ സംശയത്തോടെ കാണുന്നവർ, വാശി തീർക്കുന്നവർ ഈ കഥയിലെ മാത്രമല്ല നാം എവിടെയും കാണുന്ന ജീവിതങ്ങളാണ്.

പുതിയ പദ്ധതികൾ വരുമ്പോൾ അതിന്റെ ശരി തെറ്റുകൾ അന്നാട്ടുകാർ തർക്കിക്കുകയെന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണല്ലോ. ഓരോ മനുഷ്യരുടെയും കണക്ക് തീർക്കുന്നത് ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തെ ചുറ്റിപ്പറ്റിയാണ്. നൈസാമാലി (ഖാലിയാർ) ഇടപ്പെട്ടില്ലായിരുന്നെങ്കിൽ താൻ തന്നെ പുതിയ വിദ്യാലയത്തെ പ്രോത്സാഹിപ്പിച്ചേനെയെന്ന്  മൊല്ലാക്ക സ്വയം പറയുന്നു. പലപ്പോഴും  എതിർപ്പുകൾ പദ്ധതികളോടല്ല അത് ആര് ചെയ്യുന്നുവെന്ന് മാനുഷികമായ ചില വാശികളാണെന്ന് മൊല്ലാക്കയുടെ ആത്മപരിശോധന വായനക്കാർക്ക് കാണിച്ചു തരുന്നു. രവിക്ക് ഇംഗ്ളീഷ് അറിയുമോയെന്ന് പരീക്ഷിക്കാൻ ജർമ്മൻ പത്രം കാണിച്ച് സംശയം തീർക്കുന്ന അലിയാർ. കുറച്ചു കുട്ടികൾ കുറഞ്ഞത് കൊണ്ട് അടുത്ത ഗ്രാമത്തിലെ കേളന്റെ  വിദ്യാലയത്തിന് വലിയ പ്രശ്‌നമൊന്നും സംഭവിക്കില്ലായെന്ന് ശിവരാമൻ നായർ സ്വയം പറയുമ്പോൾ അടുത്ത ഗ്രാമത്തെ കേളനെ തോൽപ്പിക്കാൻ പുതിയ വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാശിയിലെ ദൗർബല്യം നമ്മെ ചിരിപ്പിക്കുന്നു. രവി എന്ന പച്ച മനുഷ്യന്റെ എല്ലാ സഞ്ചാര കാഴ്ചകളും പിന്തുടരാൻ എല്ലാവർക്കും കഴിയുന്നതാകണമെന്നില്ലെങ്കിലും   വളർച്ചയിൽ തളർച്ചയുള്ള അപ്പുക്കിളിയെന്ന കുട്ടിക്ക് കടല മുറുക്ക് കൊടുത്ത് സ്കൂളിൽ ഇരുത്തി പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രവിയെന്ന അദ്ധ്യാപകന്റെ ആ ഭാവങ്ങൾ , ഖസാക്കിന്റെ പ്രതീക്ഷയാണ്, മനുഷ്യകുലത്തിന്റെയും.


പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...