Tuesday, September 28, 2021

ഒരു ദേശത്തിന്റെ കഥ - S K Pottekkad

സൈക്കിളെടുത്ത്  ഒരു നാട്ടിലൂടെ നിങ്ങൾ യാത്രചെയ്യുന്നുവെന്ന് കരുതുക. അതെ ഒരു യാത്ര തന്നെ. ഒരു പക്ഷെ, നിങ്ങൾ ആ നാട്ടിലെ ഊടുവഴികൾ താണ്ടി, വില്പന കേന്ദ്രങ്ങൾ കടന്നു ഉത്സവങ്ങൾ കണ്ട് പല മനുഷ്യരോട് സംസാരിച്ച് ആസ്വദിച്ചു നടന്നേക്കാം. ഏതാണ്ട് അഞ്ഞൂറ് പേജുള്ള ഒരു ദേശത്തിന്റെ കഥ അങ്ങനെയാണ്. അതിരാണിപ്പാടം എന്ന ദേശത്തിന്റെ കഥ. ഒരിക്കൽ യാത്ര തുടങ്ങിയാൽ പിന്നെ യാത്ര പരിപൂർണ്ണമാക്കാതെ നിങ്ങൾ അവിടെ നിന്ന് തിരിച്ചു പോരില്ല. ഒരു പക്ഷെ പല തവണ യാത്ര ചെയ്തേക്കാവുന്ന പ്രദേശം പോലെ സുന്ദരമായ എസ് കെ പൊറ്റെക്കാടിന്റെ നോവൽ. എന്തുകൊണ്ട് ചില നോവലുകൾ കാലത്തിനും അതീതമായി നിൽക്കുന്നുവെന്ന് മനസിലാക്കി തരുന്നു. മറ്റൊരു മലയാളം ക്ലാസിക്. ശ്രീധരൻ എന്ന കഥാപാത്രത്തിലൂടെ ആത്മകഥാംശമുള്ള നോവലിലൂടെ സഞ്ചരിക്കുമ്പോൾ കൃഷ്ണൻമാസ്റ്ററിലൂടെ, കുഞ്ഞാപ്പുവിലൂടെ, കോരൻ ബട്ലർ, കുളൂസ് പറങ്ങോടൻ തുടങ്ങിയ മനുഷ്യരിലൂടെ കഥ വിരിഞ്ഞു തുടങ്ങുന്നു. ശ്രീധരൻ ഈ യാത്രയിൽ അവസാനം വരെ ടൂറിസ്റ്റ് ഗൈഡായി ഉണ്ടാകും. 

ഈ പുസ്തകത്തിൽ ഒരു ഭാഗത്തു അപ്പുവെന്ന കഥാപാത്രം ശ്രീധരനോട് വരം ലഭിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്ത് വരം വേണമെന്ന് കാര്യത്തിൽ ശ്രീധരന് സംശയമൊന്നും ഉണ്ടായിരുന്നില്ല. "എനിക്ക് കടപ്പുറത്ത് ലൈറ്റ് ഹൌസ് സായിപ്പാകണം. അയാൾക്ക് ഒരു പണീം ല്യ. കഥാബുക്കും വായിച്ച് കുത്തിരിക്കും.” അത് വായിച്ചു ഞാൻ അറിയാതെ കണ്ണാടി നോക്കി പൊട്ടിച്ചിരിച്ചു.

അതിനു ശേഷമാണ് അപ്പുവിന്റെ ആഗ്രഹം ശ്രീധരനോട് പറയുന്നത്. അപ്പുവിന് വരമായി ഒരാഗ്രഹം മാത്രം.  പെങ്ങള് നാരായണിയുടെ അസൂഖം മാറണം.  അത് കേട്ട് ശ്രീധരൻ കരഞ്ഞപ്പോൾ കണ്ണാടിയിൽ നിന്ന് ഞാൻ മുഖം താഴ്ത്തി. ചിലപ്പോൾ കണ്ണാടി നമ്മെ ചിരിപ്പിക്കും. ചിലപ്പോൾ കരയിപ്പിക്കും. അതുകൊണ്ട് തന്നെ ഈ പുസ്തകം ഒരു സുഹൃത്തിനെപ്പോലെ നമ്മുടെ കൂടെ കൂട്ടാം ഒരു കണ്ണാടിയായി.

ബസ്രപട്ടാള കുഞ്ഞപ്പുവിൽ  നിന്ന്  പെയിന്റർ കുഞ്ഞപ്പു, ഫിറ്റർ കുഞ്ഞപ്പുവായ കഥ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും. കുഞ്ഞാപ്പുവിന്റെ യുദ്ധകഥകൾ ഇഴചേർന്ന് ഈ പുസ്തകത്തിന്റെ വായനസുഖത്തെ ആദ്യ ഘട്ടത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ശ്രീധരൻ വായനക്കാരന് യാത്ര സഹായിയാകുമ്പോൾ അപ്പു ശ്രീധരന് ടൂർ ഗൈഡ് ആകുന്നു, ഇലഞ്ഞിപ്പൊയിൽ എന്ന മറ്റൊരു മനോഹര ഗ്രാമത്തിൽ, തന്റെ അമ്മയുടെ വീടിന്റെ പരിസരം, അവിടെയുള്ള മരങ്ങളും ചെടികളും ശരികളും തെറ്റുകളും ചൂണ്ടിക്കാണിച്ച് ഈ നോവൽ ചിത്രം വലുതായികൊണ്ടിരുന്നു.

അവിടെ നിന്ന് ആൻഡമാൻ ചാത്തുണ്ണിയുടെ കഥകൾ കേട്ട് കിട്ടൻ റൈറ്റർ എന്ന കഥാപാത്രത്തിലേക്ക് എത്തുമ്പോൾ എല്ലാ നാട്ടിലും അങ്ങനെ ഒരാളെ കാണാമെന്ന് തോന്നുന്നയിടത്ത് ക്ലാസിക് നോവൽ വിശേഷണം വെറുമൊരു വിശേഷണമല്ലെന്ന് നമുക്ക് ബോധ്യപ്പെടും. മാപ്പിള ലഹള കാലഘട്ടവും അതിന്റെ വിവരണത്തിന്റെ അവസാനത്തിൽ ദൈവത്തിനോ മനുഷ്യനോ ക്രൂരതയെന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ വായനക്കാരുടെ മനസ്സ് അതിത്രീവ്രമായി അസ്വസ്ഥമാകും. എസ് . കെ പൊറ്റെക്കാട് ഈ നോവൽ എഴുതുന്ന കാലവും ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് ഏകാന്തതയുടെ 100 വർഷങ്ങൾ എഴുതുന്ന കാലവും ഏതാണ്ട് ഒന്ന് തന്നെയാണ്. ഗാബോയുടെ പുസ്തകത്തിനോളം തലയെടുപ്പ് ഈ നോവലിനും ഉണ്ടെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ബോധ്യപ്പെടും. കാലം ഒന്നായതുകൊണ്ടോ, കാലഘട്ടത്തട്ടെ സൂചിപ്പിക്കുന്നതുകൊണ്ടോ സത്യസന്ധമായ ആവിഷ്കാരമെന്ന നിലയിലോ അല്ല, അത് അങ്ങനെയായിരിക്കെ തന്നെ,  കാലത്തെ അതിജീവിക്കുന്ന ബ്രഹത്തായ സൃഷ്ടിയെന്ന നിലയിൽ തന്നെ ഈ പുസ്തകം തല ഉയർത്തി നിൽക്കുന്നു; മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല നോവലുകളുടെ കൂട്ടത്തിൽ.  


Tuesday, September 21, 2021

ടു കിൽ എ മോക്കിങ് ബേർഡ് (To Kill A Mocking Bird - By Harper Lee)

ഈ പുസ്തകത്തിന്റെ ആരംഭത്തിൽ ഒരു തലവാചകം ശ്രദ്ധിച്ചു. എല്ലാ വക്കീലൻമാരും ഒരിക്കൽ കുട്ടികളായിരുന്നു. എന്തായിരിക്കാം കാരണമെന്ന് ചിന്തിച്ചുകൊണ്ട് ഞാൻ പുസ്തക വായന ആരംഭിച്ചു. ആറ്റിക്കസ് എന്ന വക്കീലിന്റെ ആദ്യ രണ്ടു കക്ഷികളാണ് ആ പ്രദേശത്ത് അവസാനമായി കൊലപാതകത്തിന് തൂക്കിലേറ്റപ്പെട്ടതെന്ന് പരിഹാസത്തോടെ എഴുത്തുകാരി (ഹാർപ്പർ ലീ) വീക്ഷിക്കുമ്പോൾ, അത് ആറ്റിക്കസ് എന്ന ഒരു പ്രധാന കഥാപാത്രത്തിന്റെ കണ്ണുകൾ വരയ്ക്കാൻ തുടങ്ങിയിരുന്നു.

ആരാണ് ഈ മോക്കിങ് ബേർഡ്‌സ്? കുട്ടികൾ. ഉറപ്പാണ് കുട്ടികൾ തന്നെ. ചില സമയങ്ങളിൽ കുട്ടികളെ പോലെ പെരുമാറുന്ന മുതിർന്നവർ. കുട്ടികളാകാൻ ആഗ്രഹിക്കുന്നവർ. നിഷ്കളങ്കമായി ആകാംഷാഭരിതമായി ചുറ്റുപാടുകളെ നോക്കുന്നവർ. ഓരോ പേജ് വായിച്ചു മറയ്ക്കുമ്പോഴും എന്ത് കൊണ്ട് ആ പേരെന്ന് ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു. കുട്ടികളും (ജെം ,സ്കൗട്ട് ,ദിൽ...)  കുടുംബവും അവരുടെ സ്‌കൂൾ അധ്യാപികയുമായുള്ള രംഗങ്ങളുമായി  മുന്നോട്ട് പോകവേ പേരിന്റെ രഹസ്യം എന്റെ മുന്നിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അമേരിക്കയിലെ അലബാമ എന്ന സ്റ്റേറ്റിലെ മെയ്‌കോംബ് എന്ന ചെറുപട്ടണത്തിൽ  നടക്കുന്ന കഥ. ഒരു കുട്ടിയുടെ കൈ പൊട്ടി. അത് ഉണങ്ങി അയാൾക്ക് വീണ്ടും കളിയ്ക്കാൻ കഴിയുന്ന ആരോഗ്യത്തിലെത്തി എന്ന് പറഞ്ഞു തുടങ്ങുമ്പോൾ, അതെങ്ങനെ സംഭവിച്ചുയെന്നു വളഞ്ഞു മൂക്ക് പിടിച്ചു നോവൽ പുരോഗമിക്കുന്ന കാഴ്ച എന്നെ രസിപ്പിച്ചു. അല്ലെങ്കിലും നേരിട്ട് പറയുന്നതിൽ രസമില്ലല്ലോ.

ചിലപ്പോഴെക്കോ തോന്നും ഇത്ര പ്രായം കുറഞ്ഞ പെൺകുട്ടി (ഇതിലെ നായിക) ഇങ്ങനെ സംസാരിക്കുമോ. പിന്നെ ചിന്തിച്ചു അമേരിക്കയിലെ കഥയല്ലേ, ചിലപ്പോൾ അങ്ങനെയായിരിക്കും. ആ ചെറിയ പെൺകുട്ടി അവൾ കണ്ടുമുട്ടുന്ന എല്ലാവരെയും മനുഷ്യ സമത്വം പഠിപ്പിച്ചു കൊണ്ടിരുന്നു. സ്വന്തം അച്ഛൻ, ടീച്ചർ, അമ്മാവൻ എല്ലാവരും ആ പെൺകുട്ടിയുടെ മുന്നിൽ നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരുന്നു. വായിക്കുന്നതിനിടയിൽ എന്തൊക്കൊയോ എന്റെ മനസ്സിൽ കടന്നുവന്നു. അങ്ങനെ ഒരു സ്ത്രീയെ ഞാനും പരിചയപ്പെട്ടിട്ടുണ്ട്. ഏഴു വര്ഷം മുമ്പ് എന്റെ ജോലി സ്ഥലത്ത്. അവൾക്കും ഇതിലെ നായികയ്ക്കും ഒരേ മുഖമാണ്. ഇതിലെ നായികയുടെ 7 വയസ്സ് ഞാൻ കണ്ട പെൺകുട്ടിയുടെ 18 വയസായി എനിക്ക് അനുഭവപ്പെട്ടു. ചില സമയങ്ങളിൽ 50 വയസ്സും.  അവൾ ജീവിച്ച കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട് വീട്ടുകാർക്ക് അവളെയും  ഇഷ്ടമായിരിന്നിരിക്കാൻ  സാധ്യതയില്ല.  ഈ പുസ്തകം സ്കുളുകളിൽ പഠിപ്പിക്കാൻ അമേരിക്കൻ ഗവൺമെന്റുകൾക്ക് അത്ര  ധൈര്യമുണ്ടായിരുന്നില്ലെന്ന് വായിച്ചിരുന്നു. അത് പിന്നീടും അങ്ങനെ തുടർന്നുവോയെന്ന് എനിക്കറിയില്ല. ചിലപ്പോൾ അതിനു ന്യായമായ കാരണങ്ങൾ ഉണ്ടാകാം. മഞ്ഞ് എന്ന കഥയെ കുറിച്ച് പറഞ്ഞപ്പോൾ കഥാപാത്രങ്ങൾ പതുക്കെ സംസാരിക്കുന്നവരാണെന്ന് ഞാൻ പറഞ്ഞല്ലോ. എന്നാൽ ഇതിലെ പല കഥാപാത്രങ്ങളും പ്രത്യേകിച്ച് കേന്ദ്ര കഥാപാത്രം ശബ്ദമുള്ളവളായി അനുഭവപ്പെട്ടു. ഒരു  കൊച്ചുകുട്ടിയുടെ ശബ്ദമെങ്കിലും ലോകത്തോട് എന്നെ ശ്രദ്ധിക്കൂയെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദം. ഹാർപ്പർ ലീയുടെ ശബ്ദം. അതാണ് മോക്കിങ് ബേർഡ്‌സ്.

Sunday, September 19, 2021

എംടിയുടെ മഞ്ഞ്

 

അറന്നൂറ്‌ പേജിൽ എഴുതാവുന്ന കഥ അറുപത് പേജിൽ വായിക്കുമ്പോൾ കരുതേണ്ട സാവകാശത്തോടെ വായിക്കേണ്ട പുസ്തകം. ഓരോ പുസ്തകവും ഓരോ ലോകം സൃഷ്ടിക്കുന്നു. ആ മായലോകത്തിലൂടെ ഓട്ട പ്രദക്ഷിണം നടത്താം. വളരെ പതുക്കെ ഒരു ചായ കുടിച്ചു അലസമായി ആ ലോകത്തിലൂടെ നടന്നു നീങ്ങാം. അങ്ങനെ അലസമായി നടന്നു നീങ്ങവേ ഏറ്റവും ആവേശത്തിൽ ചുറ്റുപാടുകളെ നിരീക്ഷിച്ചെടുക്കാം. ഈ പുസ്തകം അങ്ങനെയൊന്ന് വായിച്ചു നോക്കണം. എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ കൂടിക്കലർന്ന് താളമുണ്ടാവുമ്പോഴാണ് നിശബ്ദത തോന്നുന്നത്. ശബ്ദമില്ലാത്ത അവസ്ഥയില്ലല്ലോ എന്നവൾ ആലോചിച്ചു എന്ന് പറഞ്ഞു തുടങ്ങുമ്പോൾ ഒരു കഥാപാത്രത്തിന്റെ തന്നെ മനസ്സ് വാക്കുകളിൽ വരച്ചു തുടങ്ങുന്നു. ഏറ്റവും കുറഞ്ഞ വാക്കുകളിൽ, വരികളിൽ. നമ്മൾ നക്ഷത്രത്തെ സാധാരണയായി തിളങ്ങുന്ന ചിഹ്നമായി ഉപയോഗിക്കാറുണ്ട്. മിന്നുന്ന, പ്രകാശം പരത്തുന്ന ചിഹ്നം. എന്നാൽ അതെ കാര്യത്തെ കരയുന്ന രൂപമായി സാഹചര്യത്തോടെ ഇഴ ചേർന്ന് അവതരിപ്പിക്കുകയെന്ന തന്ത്രം വളരെ സ്വാഭാവികമായി ഈ രചനയിൽ സംഭവിക്കുന്നു. ബോർഡിങ് ഹൌസിന്റെ മുറ്റത്തെ ഉയർന്ന കമ്പികാലിലെ വിളക്ക് ഇലപ്പടർപ്പുകൾക്കിടയിലൂടെ കരയുന്ന ഒരു നക്ഷത്രംപോലെ മുനിഞ്ഞു നില്കുന്നത് കാണാമെന്ന് വായിക്കുമ്പോൾ അതിനെ കുറിച്ച് സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല.

ആപ്പിൾ തോട്ടങ്ങളിൽ പൂക്കൾ വിടരുമ്പോൾ, മലഞ്ചെരുവകളിൽ  മഞ്ഞുരുകുമ്പോൾ തിളങ്ങുന്ന വെയിലിൽ ദൂരത്തെ കൊടുമുടികൾ തെളിയുമ്പോൾ ഓർക്കുകയാണ്, മറ്റൊരു വസന്തം വരുമെന്ന പ്രതീക്ഷ. മറ്റൊരു അവസരത്തിൽ തീരെ പ്രതീക്ഷയില്ലാതെ വിനോദ സഞ്ചാരികളെ വരവേൽക്കാൻ നഗരം അണിഞ്ഞൊരുങ്ങുമ്പോൾ, നഗരത്തിന്റെ പ്രായം സൂചിപ്പിക്കുന്ന വെള്ളി നരകൾ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ വിമല സ്ഥിരം കാണുന്ന കെട്ടുകാഴ്ചകളിൽ പ്രത്യേകിച്ചു സന്തോഷമൊന്നും തോന്നാതെ ഒരു പ്രതീക്ഷയുമില്ലാതെ നീങ്ങുന്നു. പിന്നെ വീണ്ടും ചിന്തിക്കുകയാണ്. “ആർ ആരെയാണ് വഞ്ചിക്കുന്നത്.?” ഒരേ സമയം പ്രതീക്ഷയെയും അതെ സ്ഥലത്തെ തന്നെ കെട്ടുകാഴ്ചകളെ  അവഞ്ജയയോടെ കാണുന്ന മരവിപ്പിനെയും വരികൾക്കിടയിലൂടെ ഇറക്കിവിട്ടിരിക്കുന്നു, വിമലയുടെ മാനസിക  വ്യപാരങ്ങളിലൂടെ.

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ പുതിയ കഥാപാത്രങ്ങളുടെ (അതിഥികളുടെ) വരവോടെ, ചടുലമായി മുന്നോട്ട് പോകുമോയെന്ന്  തോന്നിക്കുമെങ്കിലും വളരെ സാവകാശത്തിൽ നഷ്ട സ്വപ്നങ്ങളുടെ കഥ പറഞ്ഞുകൊണ്ട് തന്നെയാണ് ഓരോ കഥാപാത്രവും മുന്നോട്ട് പോകുന്നത്. ഏകാന്തതയുടെ കഥ, നിശബ്ധതയുടെ കഥ, ശൂന്യതയുടെ കഥ, കാത്തിരിപ്പിന്റെ കഥ. എല്ലാ കഥാപാത്രങ്ങളും ബുദ്ധിയുള്ളവരാണ്. ചിന്തിക്കുന്നവരാണ്. ബുദ്ധു എന്ന പേരുള്ള കഥാപാത്രമടക്കം ബുദ്ധിയോടെ ചിന്തിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ചിലപ്പോൾ ബുദ്ധിശൂന്യമെന്ന് വർണ്ണിച്ചേക്കാവുന്ന അവസ്ഥയും. നിരവധി തവണ കേട്ട് മറന്ന വാചകം "ഇടയ്ക്കൊക്കെ ചിരിക്കണം , അല്ലെങ്കിൽ ആ മഹാസിദ്ധി മറന്നു പോകും" എന്ന വരികൾ ഇതിലെ എല്ലാവരോടും പറയാൻ  കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഒന്നും ചെയ്യാനില്ലാത്ത ജീവിതത്തിന്റെ ഇരുണ്ട വശം വരച്ചിടുമ്പോൾ സ്വന്തം വീട് അസഹനീയമായി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി അവിടെ ആവർത്തനത്തിന്റെ വിരസത അനുഭവിച്ച് വീണ്ടും അസഹനീയമായ ശൂന്യതയിലേക്ക് നോക്കി വേദന സ്വയം സൃഷ്ടിച്ചു ജീവിക്കുന്ന ചില ജീവിതങ്ങളുടെ രേഖ ചിത്രം.  എല്ലാവരും പതുക്കെ സംസാരിക്കുന്നവരാണ്. ഇത്തവണ ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഞാനും പതുക്കെ സംസാരിക്കാൻ തുടങ്ങി. ഇത് എന്നിലേക്ക് രോഗമായി പകർന്നിരിക്കുന്നു. കഥയിലെ കൈയടക്കത്തിന് മികച്ച ഉദാഹരണം.

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...