ഈ പുസ്തകത്തിന്റെ ആരംഭത്തിൽ ഒരു തലവാചകം
ശ്രദ്ധിച്ചു. എല്ലാ വക്കീലൻമാരും ഒരിക്കൽ കുട്ടികളായിരുന്നു. എന്തായിരിക്കാം കാരണമെന്ന്
ചിന്തിച്ചുകൊണ്ട് ഞാൻ പുസ്തക വായന ആരംഭിച്ചു. ആറ്റിക്കസ് എന്ന വക്കീലിന്റെ ആദ്യ രണ്ടു
കക്ഷികളാണ് ആ പ്രദേശത്ത് അവസാനമായി കൊലപാതകത്തിന് തൂക്കിലേറ്റപ്പെട്ടതെന്ന് പരിഹാസത്തോടെ
എഴുത്തുകാരി (ഹാർപ്പർ ലീ) വീക്ഷിക്കുമ്പോൾ, അത് ആറ്റിക്കസ് എന്ന ഒരു പ്രധാന കഥാപാത്രത്തിന്റെ
കണ്ണുകൾ വരയ്ക്കാൻ തുടങ്ങിയിരുന്നു.
ആരാണ് ഈ മോക്കിങ് ബേർഡ്‌സ്? കുട്ടികൾ.
ഉറപ്പാണ് കുട്ടികൾ തന്നെ. ചില സമയങ്ങളിൽ കുട്ടികളെ പോലെ പെരുമാറുന്ന മുതിർന്നവർ. കുട്ടികളാകാൻ
ആഗ്രഹിക്കുന്നവർ. നിഷ്കളങ്കമായി ആകാംഷാഭരിതമായി ചുറ്റുപാടുകളെ നോക്കുന്നവർ. ഓരോ പേജ്
വായിച്ചു മറയ്ക്കുമ്പോഴും എന്ത് കൊണ്ട് ആ പേരെന്ന് ഞാൻ ചിന്തിച്ചുകൊണ്ടേയിരുന്നു. കുട്ടികളും
(ജെം ,സ്കൗട്ട് ,ദിൽ...) കുടുംബവും അവരുടെ
സ്‌കൂൾ അധ്യാപികയുമായുള്ള രംഗങ്ങളുമായി മുന്നോട്ട്
പോകവേ പേരിന്റെ രഹസ്യം എന്റെ മുന്നിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അമേരിക്കയിലെ അലബാമ
എന്ന സ്റ്റേറ്റിലെ മെയ്‌കോംബ് എന്ന ചെറുപട്ടണത്തിൽ നടക്കുന്ന കഥ. ഒരു കുട്ടിയുടെ കൈ പൊട്ടി. അത് ഉണങ്ങി
അയാൾക്ക് വീണ്ടും കളിയ്ക്കാൻ കഴിയുന്ന ആരോഗ്യത്തിലെത്തി എന്ന് പറഞ്ഞു തുടങ്ങുമ്പോൾ,
അതെങ്ങനെ സംഭവിച്ചുയെന്നു വളഞ്ഞു മൂക്ക് പിടിച്ചു നോവൽ പുരോഗമിക്കുന്ന കാഴ്ച എന്നെ
രസിപ്പിച്ചു. അല്ലെങ്കിലും നേരിട്ട് പറയുന്നതിൽ രസമില്ലല്ലോ.
ചിലപ്പോഴെക്കോ തോന്നും ഇത്ര പ്രായം കുറഞ്ഞ
പെൺകുട്ടി (ഇതിലെ നായിക) ഇങ്ങനെ സംസാരിക്കുമോ. പിന്നെ ചിന്തിച്ചു അമേരിക്കയിലെ കഥയല്ലേ,
ചിലപ്പോൾ അങ്ങനെയായിരിക്കും. ആ ചെറിയ പെൺകുട്ടി അവൾ കണ്ടുമുട്ടുന്ന എല്ലാവരെയും മനുഷ്യ
സമത്വം പഠിപ്പിച്ചു കൊണ്ടിരുന്നു. സ്വന്തം അച്ഛൻ, ടീച്ചർ, അമ്മാവൻ എല്ലാവരും ആ പെൺകുട്ടിയുടെ
മുന്നിൽ നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരുന്നു. വായിക്കുന്നതിനിടയിൽ എന്തൊക്കൊയോ എന്റെ
മനസ്സിൽ കടന്നുവന്നു. അങ്ങനെ ഒരു സ്ത്രീയെ ഞാനും പരിചയപ്പെട്ടിട്ടുണ്ട്. ഏഴു വര്ഷം
മുമ്പ് എന്റെ ജോലി സ്ഥലത്ത്. അവൾക്കും ഇതിലെ നായികയ്ക്കും ഒരേ മുഖമാണ്. ഇതിലെ നായികയുടെ
7 വയസ്സ് ഞാൻ കണ്ട പെൺകുട്ടിയുടെ 18 വയസായി എനിക്ക് അനുഭവപ്പെട്ടു. ചില സമയങ്ങളിൽ
50 വയസ്സും. അവൾ ജീവിച്ച കാലഘട്ടത്തിന്റെ പ്രത്യേകതകൊണ്ട്
വീട്ടുകാർക്ക് അവളെയും ഇഷ്ടമായിരിന്നിരിക്കാൻ സാധ്യതയില്ല.
ഈ പുസ്തകം സ്കുളുകളിൽ പഠിപ്പിക്കാൻ അമേരിക്കൻ ഗവൺമെന്റുകൾക്ക് അത്ര ധൈര്യമുണ്ടായിരുന്നില്ലെന്ന് വായിച്ചിരുന്നു. അത്
പിന്നീടും അങ്ങനെ തുടർന്നുവോയെന്ന് എനിക്കറിയില്ല. ചിലപ്പോൾ അതിനു ന്യായമായ കാരണങ്ങൾ
ഉണ്ടാകാം. മഞ്ഞ് എന്ന കഥയെ കുറിച്ച് പറഞ്ഞപ്പോൾ കഥാപാത്രങ്ങൾ പതുക്കെ സംസാരിക്കുന്നവരാണെന്ന്
ഞാൻ പറഞ്ഞല്ലോ. എന്നാൽ ഇതിലെ പല കഥാപാത്രങ്ങളും പ്രത്യേകിച്ച് കേന്ദ്ര കഥാപാത്രം ശബ്ദമുള്ളവളായി
അനുഭവപ്പെട്ടു. ഒരു കൊച്ചുകുട്ടിയുടെ ശബ്ദമെങ്കിലും
ലോകത്തോട് എന്നെ ശ്രദ്ധിക്കൂയെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദം. ഹാർപ്പർ ലീയുടെ ശബ്ദം.
അതാണ് മോക്കിങ് ബേർഡ്‌സ്.
No comments:
Post a Comment