Sunday, September 19, 2021

എംടിയുടെ മഞ്ഞ്

 

അറന്നൂറ്‌ പേജിൽ എഴുതാവുന്ന കഥ അറുപത് പേജിൽ വായിക്കുമ്പോൾ കരുതേണ്ട സാവകാശത്തോടെ വായിക്കേണ്ട പുസ്തകം. ഓരോ പുസ്തകവും ഓരോ ലോകം സൃഷ്ടിക്കുന്നു. ആ മായലോകത്തിലൂടെ ഓട്ട പ്രദക്ഷിണം നടത്താം. വളരെ പതുക്കെ ഒരു ചായ കുടിച്ചു അലസമായി ആ ലോകത്തിലൂടെ നടന്നു നീങ്ങാം. അങ്ങനെ അലസമായി നടന്നു നീങ്ങവേ ഏറ്റവും ആവേശത്തിൽ ചുറ്റുപാടുകളെ നിരീക്ഷിച്ചെടുക്കാം. ഈ പുസ്തകം അങ്ങനെയൊന്ന് വായിച്ചു നോക്കണം. എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ കൂടിക്കലർന്ന് താളമുണ്ടാവുമ്പോഴാണ് നിശബ്ദത തോന്നുന്നത്. ശബ്ദമില്ലാത്ത അവസ്ഥയില്ലല്ലോ എന്നവൾ ആലോചിച്ചു എന്ന് പറഞ്ഞു തുടങ്ങുമ്പോൾ ഒരു കഥാപാത്രത്തിന്റെ തന്നെ മനസ്സ് വാക്കുകളിൽ വരച്ചു തുടങ്ങുന്നു. ഏറ്റവും കുറഞ്ഞ വാക്കുകളിൽ, വരികളിൽ. നമ്മൾ നക്ഷത്രത്തെ സാധാരണയായി തിളങ്ങുന്ന ചിഹ്നമായി ഉപയോഗിക്കാറുണ്ട്. മിന്നുന്ന, പ്രകാശം പരത്തുന്ന ചിഹ്നം. എന്നാൽ അതെ കാര്യത്തെ കരയുന്ന രൂപമായി സാഹചര്യത്തോടെ ഇഴ ചേർന്ന് അവതരിപ്പിക്കുകയെന്ന തന്ത്രം വളരെ സ്വാഭാവികമായി ഈ രചനയിൽ സംഭവിക്കുന്നു. ബോർഡിങ് ഹൌസിന്റെ മുറ്റത്തെ ഉയർന്ന കമ്പികാലിലെ വിളക്ക് ഇലപ്പടർപ്പുകൾക്കിടയിലൂടെ കരയുന്ന ഒരു നക്ഷത്രംപോലെ മുനിഞ്ഞു നില്കുന്നത് കാണാമെന്ന് വായിക്കുമ്പോൾ അതിനെ കുറിച്ച് സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല.

ആപ്പിൾ തോട്ടങ്ങളിൽ പൂക്കൾ വിടരുമ്പോൾ, മലഞ്ചെരുവകളിൽ  മഞ്ഞുരുകുമ്പോൾ തിളങ്ങുന്ന വെയിലിൽ ദൂരത്തെ കൊടുമുടികൾ തെളിയുമ്പോൾ ഓർക്കുകയാണ്, മറ്റൊരു വസന്തം വരുമെന്ന പ്രതീക്ഷ. മറ്റൊരു അവസരത്തിൽ തീരെ പ്രതീക്ഷയില്ലാതെ വിനോദ സഞ്ചാരികളെ വരവേൽക്കാൻ നഗരം അണിഞ്ഞൊരുങ്ങുമ്പോൾ, നഗരത്തിന്റെ പ്രായം സൂചിപ്പിക്കുന്ന വെള്ളി നരകൾ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ വിമല സ്ഥിരം കാണുന്ന കെട്ടുകാഴ്ചകളിൽ പ്രത്യേകിച്ചു സന്തോഷമൊന്നും തോന്നാതെ ഒരു പ്രതീക്ഷയുമില്ലാതെ നീങ്ങുന്നു. പിന്നെ വീണ്ടും ചിന്തിക്കുകയാണ്. “ആർ ആരെയാണ് വഞ്ചിക്കുന്നത്.?” ഒരേ സമയം പ്രതീക്ഷയെയും അതെ സ്ഥലത്തെ തന്നെ കെട്ടുകാഴ്ചകളെ  അവഞ്ജയയോടെ കാണുന്ന മരവിപ്പിനെയും വരികൾക്കിടയിലൂടെ ഇറക്കിവിട്ടിരിക്കുന്നു, വിമലയുടെ മാനസിക  വ്യപാരങ്ങളിലൂടെ.

പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ പുതിയ കഥാപാത്രങ്ങളുടെ (അതിഥികളുടെ) വരവോടെ, ചടുലമായി മുന്നോട്ട് പോകുമോയെന്ന്  തോന്നിക്കുമെങ്കിലും വളരെ സാവകാശത്തിൽ നഷ്ട സ്വപ്നങ്ങളുടെ കഥ പറഞ്ഞുകൊണ്ട് തന്നെയാണ് ഓരോ കഥാപാത്രവും മുന്നോട്ട് പോകുന്നത്. ഏകാന്തതയുടെ കഥ, നിശബ്ധതയുടെ കഥ, ശൂന്യതയുടെ കഥ, കാത്തിരിപ്പിന്റെ കഥ. എല്ലാ കഥാപാത്രങ്ങളും ബുദ്ധിയുള്ളവരാണ്. ചിന്തിക്കുന്നവരാണ്. ബുദ്ധു എന്ന പേരുള്ള കഥാപാത്രമടക്കം ബുദ്ധിയോടെ ചിന്തിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ചിലപ്പോൾ ബുദ്ധിശൂന്യമെന്ന് വർണ്ണിച്ചേക്കാവുന്ന അവസ്ഥയും. നിരവധി തവണ കേട്ട് മറന്ന വാചകം "ഇടയ്ക്കൊക്കെ ചിരിക്കണം , അല്ലെങ്കിൽ ആ മഹാസിദ്ധി മറന്നു പോകും" എന്ന വരികൾ ഇതിലെ എല്ലാവരോടും പറയാൻ  കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഒന്നും ചെയ്യാനില്ലാത്ത ജീവിതത്തിന്റെ ഇരുണ്ട വശം വരച്ചിടുമ്പോൾ സ്വന്തം വീട് അസഹനീയമായി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി അവിടെ ആവർത്തനത്തിന്റെ വിരസത അനുഭവിച്ച് വീണ്ടും അസഹനീയമായ ശൂന്യതയിലേക്ക് നോക്കി വേദന സ്വയം സൃഷ്ടിച്ചു ജീവിക്കുന്ന ചില ജീവിതങ്ങളുടെ രേഖ ചിത്രം.  എല്ലാവരും പതുക്കെ സംസാരിക്കുന്നവരാണ്. ഇത്തവണ ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഞാനും പതുക്കെ സംസാരിക്കാൻ തുടങ്ങി. ഇത് എന്നിലേക്ക് രോഗമായി പകർന്നിരിക്കുന്നു. കഥയിലെ കൈയടക്കത്തിന് മികച്ച ഉദാഹരണം.

No comments:

Post a Comment

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...