Tuesday, September 28, 2021

ഒരു ദേശത്തിന്റെ കഥ - S K Pottekkad

സൈക്കിളെടുത്ത്  ഒരു നാട്ടിലൂടെ നിങ്ങൾ യാത്രചെയ്യുന്നുവെന്ന് കരുതുക. അതെ ഒരു യാത്ര തന്നെ. ഒരു പക്ഷെ, നിങ്ങൾ ആ നാട്ടിലെ ഊടുവഴികൾ താണ്ടി, വില്പന കേന്ദ്രങ്ങൾ കടന്നു ഉത്സവങ്ങൾ കണ്ട് പല മനുഷ്യരോട് സംസാരിച്ച് ആസ്വദിച്ചു നടന്നേക്കാം. ഏതാണ്ട് അഞ്ഞൂറ് പേജുള്ള ഒരു ദേശത്തിന്റെ കഥ അങ്ങനെയാണ്. അതിരാണിപ്പാടം എന്ന ദേശത്തിന്റെ കഥ. ഒരിക്കൽ യാത്ര തുടങ്ങിയാൽ പിന്നെ യാത്ര പരിപൂർണ്ണമാക്കാതെ നിങ്ങൾ അവിടെ നിന്ന് തിരിച്ചു പോരില്ല. ഒരു പക്ഷെ പല തവണ യാത്ര ചെയ്തേക്കാവുന്ന പ്രദേശം പോലെ സുന്ദരമായ എസ് കെ പൊറ്റെക്കാടിന്റെ നോവൽ. എന്തുകൊണ്ട് ചില നോവലുകൾ കാലത്തിനും അതീതമായി നിൽക്കുന്നുവെന്ന് മനസിലാക്കി തരുന്നു. മറ്റൊരു മലയാളം ക്ലാസിക്. ശ്രീധരൻ എന്ന കഥാപാത്രത്തിലൂടെ ആത്മകഥാംശമുള്ള നോവലിലൂടെ സഞ്ചരിക്കുമ്പോൾ കൃഷ്ണൻമാസ്റ്ററിലൂടെ, കുഞ്ഞാപ്പുവിലൂടെ, കോരൻ ബട്ലർ, കുളൂസ് പറങ്ങോടൻ തുടങ്ങിയ മനുഷ്യരിലൂടെ കഥ വിരിഞ്ഞു തുടങ്ങുന്നു. ശ്രീധരൻ ഈ യാത്രയിൽ അവസാനം വരെ ടൂറിസ്റ്റ് ഗൈഡായി ഉണ്ടാകും. 

ഈ പുസ്തകത്തിൽ ഒരു ഭാഗത്തു അപ്പുവെന്ന കഥാപാത്രം ശ്രീധരനോട് വരം ലഭിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്ത് വരം വേണമെന്ന് കാര്യത്തിൽ ശ്രീധരന് സംശയമൊന്നും ഉണ്ടായിരുന്നില്ല. "എനിക്ക് കടപ്പുറത്ത് ലൈറ്റ് ഹൌസ് സായിപ്പാകണം. അയാൾക്ക് ഒരു പണീം ല്യ. കഥാബുക്കും വായിച്ച് കുത്തിരിക്കും.” അത് വായിച്ചു ഞാൻ അറിയാതെ കണ്ണാടി നോക്കി പൊട്ടിച്ചിരിച്ചു.

അതിനു ശേഷമാണ് അപ്പുവിന്റെ ആഗ്രഹം ശ്രീധരനോട് പറയുന്നത്. അപ്പുവിന് വരമായി ഒരാഗ്രഹം മാത്രം.  പെങ്ങള് നാരായണിയുടെ അസൂഖം മാറണം.  അത് കേട്ട് ശ്രീധരൻ കരഞ്ഞപ്പോൾ കണ്ണാടിയിൽ നിന്ന് ഞാൻ മുഖം താഴ്ത്തി. ചിലപ്പോൾ കണ്ണാടി നമ്മെ ചിരിപ്പിക്കും. ചിലപ്പോൾ കരയിപ്പിക്കും. അതുകൊണ്ട് തന്നെ ഈ പുസ്തകം ഒരു സുഹൃത്തിനെപ്പോലെ നമ്മുടെ കൂടെ കൂട്ടാം ഒരു കണ്ണാടിയായി.

ബസ്രപട്ടാള കുഞ്ഞപ്പുവിൽ  നിന്ന്  പെയിന്റർ കുഞ്ഞപ്പു, ഫിറ്റർ കുഞ്ഞപ്പുവായ കഥ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും. കുഞ്ഞാപ്പുവിന്റെ യുദ്ധകഥകൾ ഇഴചേർന്ന് ഈ പുസ്തകത്തിന്റെ വായനസുഖത്തെ ആദ്യ ഘട്ടത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ശ്രീധരൻ വായനക്കാരന് യാത്ര സഹായിയാകുമ്പോൾ അപ്പു ശ്രീധരന് ടൂർ ഗൈഡ് ആകുന്നു, ഇലഞ്ഞിപ്പൊയിൽ എന്ന മറ്റൊരു മനോഹര ഗ്രാമത്തിൽ, തന്റെ അമ്മയുടെ വീടിന്റെ പരിസരം, അവിടെയുള്ള മരങ്ങളും ചെടികളും ശരികളും തെറ്റുകളും ചൂണ്ടിക്കാണിച്ച് ഈ നോവൽ ചിത്രം വലുതായികൊണ്ടിരുന്നു.

അവിടെ നിന്ന് ആൻഡമാൻ ചാത്തുണ്ണിയുടെ കഥകൾ കേട്ട് കിട്ടൻ റൈറ്റർ എന്ന കഥാപാത്രത്തിലേക്ക് എത്തുമ്പോൾ എല്ലാ നാട്ടിലും അങ്ങനെ ഒരാളെ കാണാമെന്ന് തോന്നുന്നയിടത്ത് ക്ലാസിക് നോവൽ വിശേഷണം വെറുമൊരു വിശേഷണമല്ലെന്ന് നമുക്ക് ബോധ്യപ്പെടും. മാപ്പിള ലഹള കാലഘട്ടവും അതിന്റെ വിവരണത്തിന്റെ അവസാനത്തിൽ ദൈവത്തിനോ മനുഷ്യനോ ക്രൂരതയെന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ വായനക്കാരുടെ മനസ്സ് അതിത്രീവ്രമായി അസ്വസ്ഥമാകും. എസ് . കെ പൊറ്റെക്കാട് ഈ നോവൽ എഴുതുന്ന കാലവും ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് ഏകാന്തതയുടെ 100 വർഷങ്ങൾ എഴുതുന്ന കാലവും ഏതാണ്ട് ഒന്ന് തന്നെയാണ്. ഗാബോയുടെ പുസ്തകത്തിനോളം തലയെടുപ്പ് ഈ നോവലിനും ഉണ്ടെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ബോധ്യപ്പെടും. കാലം ഒന്നായതുകൊണ്ടോ, കാലഘട്ടത്തട്ടെ സൂചിപ്പിക്കുന്നതുകൊണ്ടോ സത്യസന്ധമായ ആവിഷ്കാരമെന്ന നിലയിലോ അല്ല, അത് അങ്ങനെയായിരിക്കെ തന്നെ,  കാലത്തെ അതിജീവിക്കുന്ന ബ്രഹത്തായ സൃഷ്ടിയെന്ന നിലയിൽ തന്നെ ഈ പുസ്തകം തല ഉയർത്തി നിൽക്കുന്നു; മലയാളത്തിൽ ഇറങ്ങിയ ഏറ്റവും നല്ല നോവലുകളുടെ കൂട്ടത്തിൽ.  


No comments:

Post a Comment

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...