ചില യാത്രകൾ തുടങ്ങുമ്പോൾ നമ്മൾ അവിടെ
വരുമെന്ന് മനസ്സ് പറഞ്ഞു വെക്കാറുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിലെ രവി ആത്മാന്വേഷണം
നടത്തുന്ന ഓരോ മനുഷ്യന്റെയും മനസ്സ് എഴുതുന്നു. അങ്ങനെയാണ് ഈ ഇതിഹാസം തുടങ്ങുന്നത്.
ചവിട്ടടിപാതകൾ നാട്ടുകാര്യസ്ഥന്മാരെപ്പോലെ നാല് ഭാഗത്തേക്കും പോയിക്കൊണ്ടിരുന്നു. പലപ്പോഴും
പറയാതെ പറയുന്ന കഥകൾ, ചൂണ്ടുപലകകൾ, ഒളിഞ്ഞു കിടക്കുന്ന കഥകൾ, തെളിഞ്ഞു നിൽക്കുന്ന കഥകൾ,
രവി അറിയാൻ തുടങ്ങുന്ന ഖസാക്കിന്റെ ലോകത്തിലെ ഓരോ കഥകൾ, അല്ല മനുഷ്യർ പ്രത്യക്ഷപ്പെടുന്നു.
പിന്നെ ഓരോന്നായി ഇതൾ വിരിയുന്നു.
കഥാ നായകൻ രവി ഏകാദ്ധ്യാപക വിദ്യാലയം
ആരംഭിക്കാൻ വരുന്നതും അതിനെ എതിർക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളും കൂടെ നിൽക്കുന്നവരും
രവിയുടെ പുതിയ കാഴ്ചകളാണ്. ആ ഗ്രാമത്തിൽ ഓത്ത് പള്ളിയും എഴുത്തു പള്ളിയുമുണ്ട്. മൊല്ലാക്ക
പുതിയ വിദ്യാലയത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ ഖസാക്ക് വിട്ട് പോകേണ്ടി
വന്ന നൈസാമലിക്ക് അവിടെ ആ വിദ്യാലയം വരേണ്ടത്
ഒരു വാശിയുടെ പ്രതിഫലനമായി വായനക്കാർ അനുഭവിച്ചേക്കാം. ബീഡി കമ്പനിയിൽ ജോലിക്ക് പോയി
കമ്പനി മുതലാളിയായി വീണ്ടും കമ്പനി തൊഴിലാളിയായി മാറിയ നൈസാമലി അവസാനം സ്വതന്ത്ര പുരോഹിതൻ
ആകുന്നു. ഖസാക്കിലേക്ക് നൈസാമലി വരുമ്പോഴും
പോകുമ്പോഴും പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.
ഖസാക്കിലേക്ക് ഖാലിയാരായുള്ള തിരിച്ചു വരവ്
ചില കണക്കുകൾ തീർക്കാൻ. ശിവരാമൻ നായരുടെയും മനോഭാവം വ്യസ്തമല്ല. അന്ധകാരത്തിൽ
ഒരു പ്രകാശം വരുമ്പോൾ അതിനെ ഭയത്തോടെ വീക്ഷിക്കുന്ന മനുഷ്യർ, അതിനെ സംശയത്തോടെ കാണുന്നവർ,
വാശി തീർക്കുന്നവർ ഈ കഥയിലെ മാത്രമല്ല നാം എവിടെയും കാണുന്ന ജീവിതങ്ങളാണ്.
പുതിയ പദ്ധതികൾ വരുമ്പോൾ അതിന്റെ ശരി തെറ്റുകൾ അന്നാട്ടുകാർ തർക്കിക്കുകയെന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണല്ലോ. ഓരോ മനുഷ്യരുടെയും കണക്ക് തീർക്കുന്നത് ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തെ ചുറ്റിപ്പറ്റിയാണ്. നൈസാമാലി (ഖാലിയാർ) ഇടപ്പെട്ടില്ലായിരുന്നെങ്കിൽ താൻ തന്നെ പുതിയ വിദ്യാലയത്തെ പ്രോത്സാഹിപ്പിച്ചേനെയെന്ന് മൊല്ലാക്ക സ്വയം പറയുന്നു. പലപ്പോഴും എതിർപ്പുകൾ പദ്ധതികളോടല്ല അത് ആര് ചെയ്യുന്നുവെന്ന് മാനുഷികമായ ചില വാശികളാണെന്ന് മൊല്ലാക്കയുടെ ആത്മപരിശോധന വായനക്കാർക്ക് കാണിച്ചു തരുന്നു. രവിക്ക് ഇംഗ്ളീഷ് അറിയുമോയെന്ന് പരീക്ഷിക്കാൻ ജർമ്മൻ പത്രം കാണിച്ച് സംശയം തീർക്കുന്ന അലിയാർ. കുറച്ചു കുട്ടികൾ കുറഞ്ഞത് കൊണ്ട് അടുത്ത ഗ്രാമത്തിലെ കേളന്റെ വിദ്യാലയത്തിന് വലിയ പ്രശ്‌നമൊന്നും സംഭവിക്കില്ലായെന്ന് ശിവരാമൻ നായർ സ്വയം പറയുമ്പോൾ അടുത്ത ഗ്രാമത്തെ കേളനെ തോൽപ്പിക്കാൻ പുതിയ വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാശിയിലെ ദൗർബല്യം നമ്മെ ചിരിപ്പിക്കുന്നു. രവി എന്ന പച്ച മനുഷ്യന്റെ എല്ലാ സഞ്ചാര കാഴ്ചകളും പിന്തുടരാൻ എല്ലാവർക്കും കഴിയുന്നതാകണമെന്നില്ലെങ്കിലും വളർച്ചയിൽ തളർച്ചയുള്ള അപ്പുക്കിളിയെന്ന കുട്ടിക്ക് കടല മുറുക്ക് കൊടുത്ത് സ്കൂളിൽ ഇരുത്തി പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രവിയെന്ന അദ്ധ്യാപകന്റെ ആ ഭാവങ്ങൾ , ഖസാക്കിന്റെ പ്രതീക്ഷയാണ്, മനുഷ്യകുലത്തിന്റെയും.
No comments:
Post a Comment