കൃത്യം മുപ്പത് വർഷത്തിന് ശേഷം എം.ടിയുടെ നാലുകെട്ട് വായിക്കാനെടുക്കുമ്പോൾ ഒരു പഴയ പുസ്തകം
പൊടി തട്ടി എടുത്ത് വായിക്കുന്നുവെന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങിയോ? വായന തുടങ്ങി
അൽപ്പം കഴിഞ്ഞപ്പോഴേക്കും കുറച്ചു കാലം മുമ്പ് സാറ ടീച്ചറോട് ഞാൻ പറഞ്ഞ അതേ വാക്കുകൾ
എന്റെ മനസ്സിൽ വിരിഞ്ഞു വന്നു. ജനിച്ച വീണ കുഞ്ഞിനെ ആദ്യമായി കയ്യിലെടുക്കുമ്പോൾ നമ്മുക്ക്
അനുഭവപ്പെടുന്ന കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരി. കുറേ കാലം കൊച്ചുകുട്ടികളുടെ മുഖത്ത്
കാണുന്ന ആ കുസൃതി പുഞ്ചിരി ഈ പുസ്തകത്തിന് ഒരിക്കലും നഷ്ടപ്പെട്ടില്ല.ഒരു പക്ഷെ, എഴുത്തുകാരന്റെ
ആദ്യ നോവലിന്റെ അനുഭവമായിരിക്കും അതുമല്ലെങ്കിൽ ആദ്യ നോവൽ ഏറിയ ഭാഗവും അപ്പുണ്ണി എന്ന
കുട്ടിയുടെ കണ്ണുകൊണ്ട് നടത്തിയ രചന എന്ന രീതിയുമാകാം.
"വളരും. വളർന്ന് വലിയ ആളാവും. കൈകൾക്ക്
നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കാം.
ആരെടാ എന്ന് ചോദിച്ചാൽ, പരുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം: 'ഞാനാണ് കോന്തുണ്ണി നായരുടെ
മകൻ അപ്പുണ്ണി.' അങ്ങനെയാണ് എം.ടി ഈ നോവൽ തുടങ്ങുന്നത്. അത്രയും വായിച്ചപ്പോഴേക്കും
അദ്ദേഹത്തിന്റെ രണ്ടാം മൂഴത്തിലെ ഭീമന്റെ ശബ്ദവും രൂപവും എന്റെ മനസ്സിൽ എത്തിനോക്കി.
അച്ഛന്റെ മരണശേഷം അമ്മയും ഒരു മകനുമായി
(അപ്പുണ്ണി) ചെറിയ ഒരു വീട്ടിലെ താമസം. സ്‌കൂളിൽ വിട്ടാൽ വീട്. ഇടയ്ക്ക് അമ്മയെ സഹായിക്കാൻ
അടുക്കളയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് പീടികവരെ പോകുന്ന അപ്പുണ്ണി. എട്ടിലാണവൻ പഠിക്കുന്നത്.
പീടികയിൽ പോകുന്നത് അവന് ഇഷ്ടമാണ് പുറത്തെ കാഴ്ചകൾ കാണാൻ ലഭിക്കുന്ന അവസരമാണല്ലോ. ഇടയ്ക്ക്
മുത്താച്ചിയുടെ വീട്ടിലെ സന്ദർശനം. മുത്താച്ചിയാണ് നാട്ടിലെ കഥകൾ അപ്പുണ്ണിയെ അറിയിക്കുന്നത്.
അച്ഛൻ കോന്തുണ്ണി നായരേ കുറിച്ചും അപ്പുണ്ണി കൂടുതൽ അറിയുന്നത് മുത്താച്ചിയിൽ നിന്നാണ്.
എല്ലാ ആൺകുട്ടികളെയും മുത്താച്ചി അപ്പുവെന്നാണ്
വിളിക്കുക. പെൺകുട്ടികളെ അമ്മുവെന്നും.
'ഓനെപ്പോലെ സ്നേഹമുള്ള ഒരാൺകുട്ടി ഈ ദേശത്ത്
ഉണ്ടായിട്ടില്ല. ആന പിടിച്ചാൽ എത്താത്ത തടി...'
അച്ഛനെ പറ്റി കാണുന്നവരെല്ലാം പറയും.
എന്തിനും ഏതിനും കോന്തുണ്ണി നായർ വേണം. കല്യാണത്തിനും പതിനാറടിയന്തരത്തിനും പുരകെട്ടിനും
എല്ലാം ശ്രമിക്കാൻ അച്ഛനുണ്ടാവും. എന്നാൽ അച്ഛന്റെ വീട്ടുക്കാർക്ക് ചെറുപ്പത്തിൽ തന്നെ
അച്ഛനെ കണ്ടുകൂടായിരുന്നു. അവൻ പകിട തിരുമ്പി നടക്കട്ടെ ..തോന്നിവാസി എന്നാണ് അച്ഛന്റെ
'അമ്മ അച്ഛനെ കുറിച്ച് പറഞ്ഞിരുന്നത്.
കോന്തുണ്ണി നായർ പേരുകേട്ട പകിട കളിക്കാരനായിരുന്നു.
എണ്ണം പറഞ്ഞു പകിട വീഴ്ത്താൻ ഒരു കളിക്കാരനെ ഉണ്ടായിട്ടുള്ളൂ. അതവന്റെ അച്ഛനാണ്. നാട്ടിലെ
ചെറുപ്പക്കാർ മുഴുവൻ അച്ഛന്റെ പിന്നാലെയാണ് നടന്നിരുന്നത്. എന്നാൽ കല്യാണത്തിന് ശേഷമാണ്
കൂട്ടുകാർ അച്ഛനെ കൈയൊഴിഞ്ഞത്. അച്ഛൻ അമ്മയുടെ തറവാടിനെ അപമാനിച്ചതാണത്രെ. വടക്കട്ടെപ്പാട്ട് തറവാട്ടിൽ നിന്നും
പാറുക്കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് അച്ഛൻ. തറവാടിത്തം കുറഞ്ഞു പോയതിന് പല കാരണങ്ങൾ
ഉണ്ട്. പണ്ട് പണ്ട് അച്ഛന്റെ വീട്ടിലൊരു പെണ്ണ് പിഴച്ചു. പിന്നെ പല ജാതിക്കാരുടെകൂടെ
അച്ഛൻ നടക്കും. മുത്താച്ചിയിൽ നിന്നും അപ്പുണ്ണി
കേൾക്കുന്ന ഓരോ കഥയിലും അച്ഛൻ കോന്തുണ്ണി നായർ നായകനാണ്. കേൾക്കുന്ന കഥകളിൽ വില്ലനായി
അവതരിപ്പിക്കപ്പെടുമ്പോഴും അച്ഛൻ കോന്തുണ്ണി നായർ ആൺകുട്ടിയായിരുന്നുവെന്ന് അപ്പുണ്ണി
മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. അച്ഛന്റെ പെട്ടന്നുള്ള മരണത്തിന് ഉത്തരവാദി സെയ്താലികുട്ടിയാണെന്ന്
അപ്പുണ്ണി ആ കഥകളിൽ നിന്ന് തിരിച്ചറിയുന്നുണ്ട്.
പ്രതികാരം ചെയ്യണം. പക്ഷെ, ഇനിയും വലുതാകാനുണ്ട്. അപ്പുണ്ണി സ്വയം പറയും. അതിനു മുമ്പ്
അയാളെ കാണരുത്. അച്ഛന്റെ ഘാതകനെ. ഈ വാചകങ്ങൾ മനസ്സിൽ വീണ്ടും കേട്ടു നോക്കു, എം.ടി
യുടെ ഭീമൻ വായനക്കാരുടെ മനസ്സിൽ ഓടിവന്നില്ലെങ്കിൽ അത്ഭുതമായിരിക്കും.
അവർക്കുള്ള ആകെയുള്ള സഹായം തറവാട്ടിലെ
പഴയ കാര്യസ്ഥനായ ശങ്കരൻ നായരാണ്. അമ്മയുടെ
തറവാടായ നാലുകെട്ടിലേക്ക് അപ്പുണ്ണിക്ക് പോകണം. നാഗതുള്ളൽ കാണണം. ഈ കാര്യത്തിൽ അമ്മ പാറുക്കുട്ടി പറയുന്നത് കേൾക്കാൻ
അപ്പുണ്ണിക്ക് താല്പര്യമില്ല. അവൻ മുത്താച്ചിയെ കൊണ്ട് അമ്മയുടെ അടുത്ത് ശുപാർശ ചെയ്യിപ്പിച്ചു.
ശങ്കരൻനായർ അപ്പുണ്ണിയെ പിൻതാങ്ങി. അപ്പുണ്ണിക്കും ചെറിയ അവകാശമുള്ള സ്ഥലം. താമസിക്കുന്ന വീടിന്റ അടുത്തുള്ള നാലുകെട്ട് തറവാട്
എത്രയോ ദൂരമുള്ളമായി അപ്പുണ്ണിക്ക് അനുഭവപ്പെടുമ്പോൾ ആ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട
പാറുകുട്ടിയുടെ മനസ്സ് നമ്മുക്ക് വായിച്ചെടുക്കാൻ സാധിക്കും.
നാഗതുള്ളൽ നടക്കുന്ന ദിവസം തറവാട്ടിൽ
എല്ലാവരും എത്തിയിട്ടുണ്ട്. കുടുംബക്കാരും ബന്ധുക്കളും. പുള്ളുവർക്ക് വേണ്ട കാര്യങ്ങൾ
ചെയ്തു കൊടുക്കാൻ മാളു. ഭാസ്കരേട്ടൻ, കൃഷ്ണൻ കുട്ടി, അച്ഛമ്മ, തങ്കേടത്തി, അമ്മിണിയേടത്തി,
വലിയമ്മാവൻ, കുട്ടമ്മാവൻ...അങ്ങനെ തറവാട്ടിലെ എല്ലാവരും വലിയ ബഹളത്തിലാണ്. വലിയമ്മാമയാണ് കാരണവർ. എല്ലാവർക്കും അദ്ദേഹത്തെ ഭയമാണ്. വീടിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന കൂട്ടമാമയും
വലിയമ്മാമയുടെ മുന്നിൽ വായ തുറക്കാറില്ല. ദേശത്തെ പ്രായം ചെന്നവർ വീട്ടിൽ വരുമ്പോൾ
വലിയമ്മാമ സംസാരിക്കും എട്ടുകെട്ടും മൂന്ന് കയ്യാലയും അറുപത്തി നാലാളും ഉണ്ടായിരുന്ന
തറവാടാണ്. മുത്താച്ചിയുടെ കൂടെയാണ് അപ്പുണ്ണി തറവാട്ടിൽ തുള്ളൽ കാണാൻ വന്നിരിക്കുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ്
മാളു അപ്പുണ്ണിയോട് ചോദിക്കുന്നത്
"കുട്ട്യേവിടുത്തെയാ?"
അപ്പുണ്ണിയുടെ മുഖം ചുവന്നു. "ഞാൻ ഇവിടത്തെ...ഞാൻ കോന്തുണ്യരുടെ മകനാ..
" അപ്പുണ്ണി ആ മേൽവിലാസം അത്രയേറെ ആഗ്രഹിച്ചിരുന്നു. മാളുവുമായി അപ്പുണി സൗഹൃദം
സ്ഥാപിച്ചു. മാളുക്കുട്ടിയുടെ
സഹായത്തോടെ അവൻ തറവാട് വീട്ടിലെ ഓരോരുത്തരെയും മനസിലാക്കികൊണ്ടിരുന്നു. അത്ഭുതം വിടർന്ന
കണ്ണുകളോടെ അവൻ നാഗത്തുള്ളൽ കണ്ടുകൊണ്ടിരുന്നു. വലിയമ്മാമയുടെ മകൾ അമ്മിണിയിൽ അവന്റെ
കണ്ണുകൾ ഉടക്കി. തങ്കേടത്തിയും ഒപ്പമുണ്ട്. കൊട്ടും പാട്ടും വേഗത്തിലാവുന്നതോടെ തുള്ളലിന്റെ
വേഗവും വർദ്ധിച്ചു. കയ്യിൽ പിടിച്ച കവുങ്ങിൻ പൂങ്കുല വിടാതെ സർപ്പങ്ങളെപ്പോലെ ആടിയുലഞ്ഞുകൊണ്ട്
നിരങ്ങി നീങ്ങുകയാണ്. മാളു എന്തൊക്കൊയോ പറയുന്നുണ്ട്. എല്ലാം കണ്ണ് തുറക്കാതെ തന്നെ
അപ്പുണിക്ക് കാണാൻ കഴിയുന്നു. അവനിപ്പോൾ അപ്പുണ്ണിയല്ല. രാജകുമാരനാണ്. തന്റെ രാജ്യം
കാണാൻ വന്ന് വഴി തെറ്റിപ്പോയ രാജകുമാരൻ. അമ്മമ്മയോട് കുശലം പറഞ്ഞു കഞ്ഞിയും പപ്പടം
ചുട്ടതും ഇല ചീന്തിൽ ചമ്മന്തിയും കഴിക്കാനിരിക്കുമ്പോൾ ആ ഭീകരൻ എത്തി. വലിയമ്മാമ. അന്തരീക്ഷം
പെട്ടന്നാണ് മാറിയത്.
"എന്റെ തറവാട് കണ്ട ചണ്ടി പണ്ടാരങ്ങൾക്ക്
കേറാൻ ഉള്ള സ്ഥലമല്ല ...ഇറങ്ങടാ ..ഇനി ഈ വളപ്പിൽ കണ്ടാൽ ..." അപ്പുണ്ണിക്ക് ഭക്ഷണം
കഴിക്കേണ്ടി വന്നില്ല..പിന്നെ അവൻ നടക്കുകയായിരുന്നില്ല...ഓടുകയായിരുന്നു. ഓടി ഇടവഴി
കയറി കുന്നിൻ ചെരുവിലെത്തി. ആട്ടി ഓടിക്കുക. പുഴുത്ത പട്ടിയെപ്പോലെ ഓടിക്കുക. മരിച്ചാൽ
പിന്നെ മാനക്കേടില്ല. ആരും ആട്ടുകയില്ല, ശകാരിക്കുകയുമില്ല. പെട്ടന്ന് പിന്നിൽ നിന്നും
ഒരാളുടെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ സെയ്താലിക്കുട്ടി. അച്ഛനെ കൊന്നത് പോരാതെ
തന്നെയും വകവരുത്താനാണോ ഇയാൾ പിന്നിൽ നിൽക്കുന്നത്? പക്ഷേ കണ്ണിലേക്ക് നോക്കിയപ്പോൾ
അമ്മമ്മയുടെ കണ്ണിൽ കണ്ട ദയനീയത അവൻ നിരീക്ഷിച്ചു. ശത്രു മിത്രമായിട്ടാണ് തന്റെ മുന്നിൽ
നില്ക്കുന്നത്. കാര്യം മനസിലാക്കി സെയ്താലിക്കുട്ടി അപ്പുണ്ണിയെ സമാധാനിപ്പിച്ചു.
ഹൈസ്കൂളിൽ ചേരാൻ പോകുന്ന ദിവസം അപ്പുണ്ണിയ്ക്ക്
ഉത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. ഫീസിനുള്ള പണം 'അമ്മ ശങ്കരൻ നായരെ ഏൽപ്പിച്ചു.
വടക്കേപ്പാട്ട് തറവാട് വീടിനു മുന്നിലൂടെയാണ് അപ്പുണ്ണിക്ക് പോകേണ്ടത്. പുതിയ കൂട്ടുകാരുണ്ടായി.
വലിയ വരമ്പിൽ എത്തിയാൽ വടക്കേപ്പാട്ട് തറവാട്ടിലേക്ക് ഒന്ന് നോക്കും. വടക്കേപാട്ടിൽ
നിന്ന് രണ്ടു പേര് സ്‌കൂളിൽ വരുന്നുണ്ട്. ഭാസ്കരനും, കൃഷ്ണൻ കുട്ടിയും. ഭാസ്കരനും കൃഷ്ണൻ കുട്ടിയും കാളവണ്ടിയിലാണ്
സ്‌കൂളിൽ വരുന്നത്. വണ്ടി ഏതോ മാപ്പിളയുടെ വകയാണ്. അവർ വരുന്നതും പോകുന്നതും അസൂയയോടെ
മറ്റുള്ളവർ നോക്കി നിൽക്കും. സ്‌കൂളിൽ നടക്കാതെ വരുന്നവർ അവർ രണ്ടു പേരാണ്. വലിയ ആളാണെന്ന
ഭാവം സംസാരത്തിലും നടത്തത്തിലും ഉണ്ട്. അപ്പുണ്ണിയുടെ പുതിയ കൂട്ടുകാരൻ മുഹമ്മദാണ്.
ഒരിക്കൽ മുഹമ്മദിനോട് പറയുന്നുണ്ട്, "ഓൻ ..ന്റെ വീട്ടില്ത്ത്യ..."
എന്നാൽ ഭാസ്കരൻ ചിലരോട് പറഞ്ഞുകൊടുത്തു
"ഓൻ ..ന്റെ പടി കയറില്ല. അമ്മാമ ഓനെ ആട്ടി..ഓടിയ വഴിക്ക് പുല്ല് മുളക്കില്ല."
നിശബ്ദം അപ്പുണി അത് കേട്ടു. ഭാസ്കരനല്ല, ഭാസ്കരേട്ടനാണ്. അവനെയാണ് ഏട്ടൻ എന്ന് വിളിക്കേണ്ടത്.
ഇല്ല. വിളിക്കില്ല. വഞ്ചിപ്പോത്തൻ. വലിയമ്മയുടെ മകൻ. അച്ഛൻ നമ്പൂരിയാണത്രെ. അപ്പുണ്ണി
എല്ലാവരിൽ നിന്നും അകന്നു നില്ക്കാൻ ആഗ്രഹിച്ചു. ഇടയ്ക്ക് സ്കൂളിൽ പോയി വരുമ്പോൾ മാളുവിനെ
കാണുന്നുണ്ട്. വടക്കേപ്പാട്ടിലേക്ക് അപ്പുണ്ണിയെ ക്ഷണിക്കുന്നു.
ആട്ടിയോടിച്ചപ്പോൾ നോക്കി നിന്നവർ ഇപ്പോൾ
വിളിക്കുന്നു. നാഗത്തുള്ളൾ നടത്തിയ അമ്മിണിയെ കാണുന്നു. തന്നെക്കാൾ മൂന്ന് വയസ്സിന്
മൂപ്പുള്ളതുകൊണ്ട് അമ്മിണിയേടത്തിയെന്ന് വിളിക്കുന്നു. അന്നത്തെ സംഭവത്തോടെ അവരും അപ്പുണിയുടെ
പേര് മനസിലാക്കിയിരിക്കുന്നു.
വീട്ടിലെത്തിയപ്പോൾ എന്തൊക്കൊയോ ആലോചിച്ച്
അസ്വസ്ഥനായി അപ്പുണി സ്വയം പറഞ്ഞു. ഞാൻ ഇല്ലത്തെ പണിക്കാരിയുടെ മകനല്ല. അപ്പുണ്ണി കോന്തുണ്ണി
നായരുടെ മകനാണ്. ദേശത്തെ വെല്ലുവിളിച്ചു ജയിച്ച പകിട കളിക്കാരൻ കോന്തുണ്ണി നായർ. ശങ്കരൻ
നായരുടെ പോക്ക് വരവിനെ കുറിച്ച് നാട്ടിൽ നടക്കുന്ന കിംവദന്തികൾ മുത്താച്ചി അപ്പുണിയെ
അറിയിക്കുന്നു. അപ്പുണ്ണിക്ക് പുതിയ ശത്രു ജനിക്കുന്നു. കാര്യസ്ഥൻ ശങ്കരൻ നായർ. അവന്റെയും
അമ്മയുടെയും സഹായി പെട്ടന്ന് അവന്റെ മാത്രം ശത്രുവായി മാറുന്നു.
ശങ്കരൻ നായരുടെ പോക്കുവരവിൽ അപ്പുണ്ണി
അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങി. കുന്നുംപുറത്തു ഒറ്റക്കിരിക്കുമ്പോൾ സെയ്താലിക്കുട്ടി
അവിടെയെത്തി. തളർന്ന കണ്ണിലൂടെ അവൻ അയാളെ നോക്കി. മുമ്പ് തറവാട്ടിൽ നിന്നും ആട്ടിയിറക്കിയപ്പോഴും
അയാൾ അവന്റെ അടുത്തെത്തിയിരുന്നു. ഇപ്പോൾ വീട്ടിൽ
നിന്നും ഇറങ്ങിയപ്പോഴും. സെയ്താലിക്കുട്ടിയുടെ നിർദേശപ്രകാരം അപ്പുണി തറവാട്ടിലേക്ക്
കയറി. അടഞ്ഞു കിടന്ന പടിപ്പുര അവൻ തള്ളി തുറന്നു. വലിയമ്മാമ പത്തായപുരയുടെ മുകളിൽ നിന്ന്
നോക്കുന്നുണ്ടാവും. നോക്കട്ടെ. മനസ്സ് മന്ത്രിച്ചു. ഉശിരുള്ള അച്ഛന്റെ മകനാണവൻ. അമ്മമ്മ
അവനെ സ്വീകരിച്ചു. വലിയമ്മാമ തല്ലാൻ കൈയോങ്ങി. ഇത്തവണ കുട്ടമ്മമാ വലിയമ്മാമയെ തടഞ്ഞു. ആദ്യമായി കുട്ടമ്മാമയുടെ
ശബ്ദം ഉയർന്നു. അധികാര ഭ്രാന്തിനെതിരെയുള്ള ആദ്യ ശബ്ദം. വിപ്ലവത്തിന്റെ ആദ്യ വെടി.
എത്രയോ വർഷമായി മാടിനെപ്പോലെ പണിയെടുക്കുന്നു ഒരു വിലയുമില്ലാതെ. അങ്ങനെ അപ്പുണ്ണിക്ക്
കിടക്കാൻ വടക്കേപ്പാട്ട് തറവാട്ടിൽ ഒരു സ്ഥലം കിട്ടി. കോണിമുറി.
സ്‌കൂളിലേക്ക് അവൻ നേരത്തെ പുറപ്പെട്ടു.
തറവാട്ടിൽ നിന്നും സ്‌കൂളിലേക്ക് കാളവണ്ടിയിൽ പോകുന്നവരുടെ കാര്യം അവൻ ശ്രദ്ധിച്ചില്ല.
സ്‌കൂൾ വിട്ട് വരുമ്പോൾ വലിയമ്മാമ പുറത്തു നിൽക്കുന്നുണ്ടെങ്കിലും കണ്ടതായി ഭാവിച്ചില്ല.വടക്കേപ്പാട്ട്
അമ്മാവനും മരുമകനും തമ്മിൽ തെറ്റിയിരിക്കുന്നു. കാര്യങ്ങൾ തറവാട് ഭാഗം വെപ്പിലേക്ക്
നീങ്ങികൊണ്ടിരിക്കുന്നു. പതിനഞ്ചോ പതിനാറോ വയസിൽ പാടത്തിറങ്ങാൻ തുടങ്ങിയതാണ്. ഇരുപത്തകൊല്ലത്തിലേറെയായി
അധ്വാനിക്കുന്നു. ഒരു നല്ല മുണ്ട് ചുറ്റാനില്ല. പുറത്തു നിന്ന് ഒരു കോപ്പ ചായ കുടിക്കാൻ
കാശില്ല. പടിയ്ക്കൽ പണി ചെയ്യുന്ന ചെറുമക്കൾക്ക് ഓണവും വിഷുവും തിരുവാതിരയും വന്നാൽ
അളവുണ്ട്. അവരുടെ സ്ഥിതി കുട്ടൻ നയരേക്കാൾ ഭേദമാണെന്ന് സ്വയം പറഞ്ഞു. തറവാട് ഭാഗം വെപ്പിലേക്കുള്ള
ചർച്ചക്ക് വക്കീലുമായി സംസാരിച്ച് ആക്കം കൂട്ടി. അതിനിടയിൽ ശങ്കരൻ നായർ അപ്പുണ്ണിയുടെ
അമ്മയെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വടക്കേപ്പാട്ട് നാലുകെട്ട് തറവാടിന്റെ
കോണിമുറിയിൽ അപ്പുണി നിരവധി പേരുടെ ഇടയിൽ ഏകാന്തതയിൽ കഴിച്ചുകൂട്ടി. ഒരു അന്യനെപ്പോലെ;
അവകാശമുള്ള അന്യൻ.
നാലുകെട്ടിലെ കോണി ചുവട്ടിൽ മാസങ്ങൾ പിന്നിട്ടു.
ഒരു ദിവസം സ്‌കൂളിൽ, ക്ളാസിലേക്ക് വയസൻ പീയൂൺ കയറി വന്നു. 'വി അപ്പുണ്ണി. ഹെഡ് മാഷ്
വിളിക്കുന്നു.'
കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി. സാധാരണ
എന്തെങ്കിലും കേസുണ്ടാക്കിയവരെയാണ് ഓഫിസിലേക്ക് വിളിക്കുക. അവൻ സ്കോളർഷിപ്പ് പരീക്ഷ പാസായിരിക്കുന്നു. മാസത്തിൽ ആറുറുപ്പിക. അരക്കൊല്ലപരീക്ഷയിൽ
ഒന്നമനായതുകൊണ്ട് കിട്ടിയതാണ്. എട്ട് മാസത്തെ സംഖ്യ പാസ്സായിരിക്കുന്നു. നാല്പത്തെട്ട്‍
രൂപ. അപ്പുണ്ണിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കൈ വിറച്ചുകൊണ്ട് അത് വാങ്ങിച്ചു. വീട്ടിലെത്തിയപ്പോൾ
തനിക്കുമുമ്പേ ആ വാർത്ത വീട്ടിലെത്തിയിരുന്നു. അമ്മമ്മയുടെ സ്വീകരണത്തിൽ നിന്നും പണത്തിന്റെ
വില അപ്പുണ്ണി മനസിലാക്കി. അങ്ങനെയാണ് പുതിയ രണ്ടു കുപ്പായം ഉണ്ടായത്. ബാക്കി കുട്ടമ്മാമ
അമ്മമ്മയുടെ കയ്യിൽ നിന്നും പിന്നീട് കടം വാങ്ങിയെന്ന് അപ്പുണ്ണി അറിഞ്ഞു. അതിലൊന്നും
അപ്പുണ്ണിക്ക് വിഷമമില്ല. പെട്ടന്ന് ധനികനായപ്പോലെ തോന്നി. കുട്ടമ്മാമ തന്റെ കടക്കാരനാണ്.
അമ്മമ്മ തന്റെ കടക്കാരനാണ്. ഞാൻ ഈ പുസ്തകം വായിക്കുന്ന പുതിയ കാലത്തും (2023) സമ്മാനമായി
ഹൈസ്‌കൂൾ കുട്ടികൾക്ക് (എന്റെ കുട്ടികളുടെ മുഖത്തും) പണം ലഭിക്കുമ്പോൾ ഞാൻ അപ്പുണ്ണിയെ
അവരിൽ കണ്ടിട്ടുണ്ട്. ലൈസൻസ് കിട്ടി ആദ്യമായി കാർ ഡ്രൈവ് ചെയ്ത് വീട്ടുകാരെ കൊണ്ട്
ബന്ധുവീടുകളിലേക്ക് പോകുന്ന ചെറുപ്പക്കാരിലും ഈ കാലത്ത് ഞാൻ അപ്പുണ്ണിയെ കണ്ടിട്ടുണ്ട്.
ആദ്യമായി ജോലി ലഭിച്ച് വീട്ടിലേക്ക് സമ്മാനങ്ങൾ കൊണ്ടുവരുമ്പോഴും ചെറിയ സാമ്പത്തിക
സ്വാതന്ത്ര്യത്തിന്റെ അപ്പുണ്ണി-സന്തോഷങ്ങൾ ഈ കാലത്തും നാം കാണുന്നതാണല്ലോ. എങ്കിലും
പഴയകാല നാലുകെട്ട് തടവറയുടെ തീവ്രത അവരിൽ കാണാൻ ഇടയില്ല. അത് മോശം കാര്യമാണെന്നല്ല, മാറ്റം കാലത്തിന്റെ അനിവാര്യതയാണല്ലോ.
കുട്ടമ്മാമ അപ്പുണിയുടെ വശം പിടിച്ചെങ്കിലും
കടം വാങ്ങിയ പണം പരീക്ഷ എഴുതാൻ തിരിച്ചു ചോദിച്ചപ്പോൾ നല്ല മറുപടിയല്ല അപ്പുണ്ണിക്ക്
ലഭിച്ചത്. "നീ ഇനി പഠിച്ചു തുക്കിടി സായ്‌വ് ആകാനാണല്ലോ .." കൂട്ടുകാരൻ മുഹമ്മദിന്റെ
സഹായത്തോടെ പരീക്ഷക്കുള്ള പണം, അപ്പുണ്ണി കണ്ടെത്തുന്നു. ദിവസങ്ങൾക്ക് ശേഷം അപ്പുണ്ണി
മനസിലാക്കി, അമ്മയാണ് പണം മുഹമ്മദിന് കൊടുത്തത്. ഈ കാലത്തിനുള്ളിൽ തന്നെക്കാൾ മൂന്ന്
വയസിന് മുതിർന്ന അമ്മിണിയേടത്തിയുടെ പ്രേമവും ചില സുന്ദര നിമിഷങ്ങളും തറവാട് ഭാഗം വെപ്പിന്
അധികാരി വന്ന് സംസാരിക്കുന്നതും മറ്റു തർക്കങ്ങളും, അമ്മിണി അവരുടെ വീട്ടിലേക്ക് പോകുന്നതുമെല്ലാം
അപ്പുണ്ണിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നു.
പത്താം ക്‌ളാസ് പാസായി ഒരു ജോലിക്ക് കയറാൻ
ശ്രമം തുടങ്ങുമ്പോൾ ആദ്യം സഹായിക്കാനെത്തുന്നത് സെയ്താലിക്കുട്ടി. എങ്ങനെയെങ്കിലും
ആ തറവാട്ടിൽ നിന്നും പുറത്തു പോകണം. സെയ്താലിക്കുട്ടി വയനാട്ടിൽ ജോലി ശരിയാക്കിയിട്ടുണ്ട്.
വണ്ടി കൂലിയില്ല. പഠിപ്പിച്ച അധ്യാപകനെ കണ്ട് ലജ്ജിക്കാതെ കാര്യം പറഞ്ഞു. പത്ത് രൂപ
കൊടുത്ത് അപ്പുണ്ണിയെ സഹായിച്ചു. കൃതജ്ഞതകൊണ്ട് കണ്ണ് നിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
ഒരു ചുഴലി കാറ്റിന്റെ വേഗത്തിൽ അവൻ നടന്നു. ഇനി ഒരിക്കലും ആ കോണിമുറിയിൽ കിടക്കാൻ ഇടവരാതിരിക്കട്ടെ.
അവൻ സ്വയം പറഞ്ഞു. സുഹൃത്ത് മുഹമ്മദിനോട് യാത്ര പറഞ്ഞു. മറ്റാരോടും ഒന്നും പറയാനില്ല.
ഒരുങ്ങാൻ അധികമൊന്നുമില്ല. അമ്മമ്മയോട് പറഞ്ഞു. "ഓന്റെ കഷ്ടകാലം കഴിഞ്ഞു"
അമ്മമ്മ പറഞ്ഞു. അപ്പുണ്ണി ഒരിക്കൽക്കൂടി കോണിമുറിയിൽ പോയി നോക്കി. എടുക്കാൻ ഒന്നുമില്ല.
തിരിഞ്ഞു നോക്കാതെ മുറ്റത്തേക്കിറങ്ങി. പടിക്കലേക്കിറങ്ങുമ്പോൾ മുറ്റത്തേക്ക് ഒന്ന്
തിരിഞ്ഞു നോക്കി. എതിർ വശം കുട്ടമ്മാമ വരുന്നു. മുഖം നോക്കാതെ ഒരു വശത്തേക്ക് മാറി
നിന്നു.
അപ്പുണി ഏറ്റവും വെറുത്തിരുന്ന സെയ്താലിക്കുട്ടിയുടെ
വിരുന്നുകാരനായി വയനാട്ടിൽ ജീവിതമാരംഭിച്ചു. കാലം അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. ജോലിയിൽ
കയറി അഞ്ച് വർഷം പിന്നിട്ടു. സെയ്താലിക്കുട്ടിയുടെ സഹായത്താൽ അയാളുടെ പരിചയക്കാരൻ ശങ്കരമേനോൻ
വഴി എസ്റ്റേറ്റ് ഭരണം. ജോലി കഴിഞ്ഞാൽ ക്വാർട്ടേഴ്‌സ്. പിന്നെ വീണ്ടും ജോലി. കൂടെ മറ്റൊരാളുണ്ട്.
ഭാസ്കരൻ നമ്പ്യാർ. പിന്നെ എബ്രഹാം ജോസഫ്. മറ്റൊരാൾ കുറുപ്പ്. അയാൾ വിവാഹിതനാകാൻ പോകുന്നു.
നാട്ടിലേക്കുള്ള യാത്രയിലാണ്. വിവാഹം കഴിക്കാൻ പോകുന്നവളെ കണ്ടിട്ടില്ല. 'അമ്മ കണ്ടെത്തിയതാണ്.
അമ്മയാണ് അയാൾക്കെല്ലാം. അവിടെ എത്തിയിട്ട് അഞ്ച് വർഷമല്ല അമ്പതുകൊല്ലം കഴിഞ്ഞുവെന്നാണ്
അപ്പുണ്ണിക്ക് തോന്നിയത്. അഞ്ച് വർഷങ്ങളുടെ മറുകരയിൽ നിന്ന് ഇപ്പോൾ തിരിഞ്ഞു നോക്കാൻ
തോന്നുകയാണ്. ഭാസ്കരൻ നമ്പ്യാർക്കും, കുറുപ്പിനും, ജോസഫിനും കുട്ടികാലത്തെ കുറിച്ച്
ഒരുപാട് പറയാനുണ്ട്. അപ്പുണ്ണി എല്ലാം കേട്ടിരിക്കും. അയാൾക്ക് ഒന്നും പറയാനില്ല. അനാഥൻ
എന്ന ഭാവമാണ്. ചിലപ്പോൾ തോന്നും സ്വയം വഞ്ചിക്കുകയാണെന്ന്. അപ്പോൾ സെയ്താലികുട്ടിയുടെ
കാര്യം അപ്പുണ്ണി ആലോചിച്ചു. അയാൾ ശരിയാക്കി
കൊടുത്തതാണ് ഈ ജോലി. 145 രൂപ ശമ്പളം. താമസിക്കാൻ
സ്ഥലം വെറുതെ. ആ കാലത്ത് ജീവിതത്തിൽ നൂറിന്റെ
നോട്ട് കണ്ടിട്ടില്ല. പിന്നെ ബോണസ് വേറെ. അത് എന്തെന്ന് പോലും അറിയില്ലായിരുന്നു. ആരുമില്ലാത്ത
ഭാഗ്യവാനെന്ന് ജോസഫ് അപ്പുണ്ണിയെ വിശേഷിപ്പിച്ചു. 'അമ്മ ഇല്ല എന്ന വാക്കാണ് ആദ്യം അയാളുടെ
നാവിൻ തുമ്പത്ത് വന്നത്. രോഗിയായ സെയ്താലിക്കുട്ടിയെ കണ്ടപ്പോൾ അമ്മയെ ഉപേഷിക്കരുതെന്ന്
അപ്പുണ്ണിയോട് അവസാനമായി പറഞ്ഞു. കുറെ കാലത്തെ ചിന്തക്ക് ശേഷം ലീവ് എടുത്ത് നാട്ടിലേക്ക്
യാത്ര പോകാൻ അപ്പുണ്ണി തീരുമാനിക്കുന്നു.
വടക്കേപ്പാട്ട് തറവാടിന്റെ മുറ്റത്ത്
ഒരിക്കൽ കൂടി. കൂലിക്കാരൻ പെട്ടി ചുമന്ന് അക്ഷമനായി കൂടെ നിൽക്കുകയാണ്. മീനാക്ഷി തറവാട്ടിലെ
വിവരങ്ങൾ അപ്പുണ്ണിയെ ധരിപ്പിക്കുന്നു. അപ്പുണ്ണി വന്നതറിഞ്ഞു സ്നേഹം പ്രകടിപ്പിക്കാനായി
പലരും തറവാട്ടിലെത്തി. തന്നെ അപമാനിച്ച ഓരോ വ്യക്തികൾ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
കൃഷ്ണൻ കുട്ടി: "അപ്പുണ്ണിയേട്ടനോട്
അമ്മ വരാൻ പറഞ്ഞിരിക്കുന്നു...ഒന്നുംല്ല്യ ..ഇബടെ ബുദ്ധിമുട്ടാച്ചാൽ അവിടെ താമസിക്കാം
.."
"എനിക്കവിടെ പരമസുഖം." അപ്പുണ്ണി
മറുപടി പറയുന്നു. അപ്പുണ്ണി സിഗററ്റ് കുറ്റി
നിലത്ത് ചവിട്ടി തേയ്ക്കുന്നു. പ്രതികാരത്തിന്റെ സുഖം അപ്പുണ്ണി അറിയുന്നു. ഇവിടെ വെറുമൊരു സിഗരറ്റു കുറ്റി മാറ്റത്തിൻറെയും പുരോഗതിയുടെയും
സമ്പത്തിന്റെയും പ്രതികാരത്തിന്റെ ചിന്ഹമായി ഒരേ സമയം മാറുന്ന കാഴ്ച വായനക്കാരന് തീവ്രമായി
അനുഭവപ്പെടുന്നു.
കുട്ടമ്മാമ അപ്പുണ്ണിയെ വീട്ടിലേക്ക്
വിളിക്കുന്നു. "മാളുവിന് നീയേ ആശ്രയമുള്ളൂ." കുട്ടമ്മാമ പറഞ്ഞു. തുക്കിടി
സായ്‌വ് ആയിട്ടില്ലെന്നായിരുന്നു അപ്പുണ്ണിയുടെ മറുപടി. കുട്ടമ്മാമ തൊപ്പിക്കുട ചൂടി
ഇറങ്ങി പോകുമ്പോൾ അപ്പുണ്ണിക്ക് ക്രൂരമായ ആനന്ദം. വീട്ടിലെത്തി ഏഴാം ദിവസമാണ് വലിയമ്മാമയെ
കാണുന്നത്. സിഗററ്റ് കുറ്റി പുകച്ച് നടക്കുമ്പോൾ ഒരു വിളി കേട്ടു. "അപ്പുണ്ണി."
വലിയമ്മാമയുടെ മുഖത്ത് പഴയ പ്രതാപമില്ല.
അന്ന് ആട്ടിയിറക്കി. പുഴുത്ത പട്ടിയെപ്പോലെ.
അപ്പുണ്ണിക്ക് പഴയ ചിത്രങ്ങൾ ഓർമ്മ വന്നു. ഭാഗം വെപ്പിൽ പുര അമ്മാവനാണ് എടുത്തിരിക്കുന്നത്.
"അതിൽ അഞ്ഞൂറ് രൂപ കടമുണ്ട്. വാങ്ങാൻ മാപ്ലാരുണ്ട്. എങ്ങനെയാ അവർക്ക് കൊടുക്കാ..
നെന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ അഞ്ഞൂറ് രൂപ..."
പണമുണ്ടെങ്കിലും തരില്ലെന്ന് അപ്പുണ്ണി
പറയുന്നു. പിന്നെ കുറച്ചു സമയം കഴിഞ്ഞു നാലുകെട്ടിന്റെ വില എന്തെന്ന് ചോദിക്കുന്നു.
മാപ്ലാര് പറയുന്ന വില നാലായിരം. അത് കൊടുത്ത് അപ്പുണ്ണി വലിയമ്മാമയുടെ കയ്യിൽ നിന്നും
നാലുകെട്ട് വാങ്ങിക്കുന്നു. ഇപ്പോൾ പഴയ ഓർമ്മകളുമായി നിൽക്കുന്ന നാലുകെട്ട് അപ്പുണ്ണിയുടെ
സ്വന്തമാണ്. അഞ്ച് വർഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം മുഴുവൻ അതിനു വേണ്ടി ചിലവഴിച്ചു.
വല്ലാത്ത ഒരു ആത്മ സംതൃപ്തി. ഒരിക്കൽ ആട്ടിയിറക്കപ്പെട്ട
വീട്, ജീവനും കൊണ്ട് ഓടിപ്പോയതിനു കാരണം, ഒരു സ്ത്രീ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചു.
ആ സ്ത്രീ എങ്ങനെ ജീവിക്കുന്നുവെന്ന് ആലോചിക്കാതിരിക്കാൻ അപ്പുണ്ണിക്ക് കഴിയില്ലല്ലോ.
അത് അവന്റെ അമ്മയാണ്. അച്ഛൻ മരിച്ചപ്പോൾ വളർത്തി. ഇല്ലത്തെ ഉരല് പുരയിൽ പണിയെടുത്തു
ഭക്ഷണം തന്നു. കടപ്പാടുകളുടെ കെട്ടുകളിലേക്ക് അപ്പുണ്ണിയുടെ മനസ്സ് സഞ്ചരിക്കുന്നു.
മുഹമ്മദ്, സെയ്താലിക്കുട്ടി, അദ്ധ്യാപകൻ. അമ്മയെ കൂട്ടി നാലുകെട്ടിന്റെ പടി കയറുമ്പോൾ
നേട്ടങ്ങളുടെയും തോൽവികളുടെയും കണക്കെടുക്കാൻ അപ്പുണ്ണി പാടുപെടുകയിരുന്നു....
ഇന്നത്തെ തലമുറയ്ക്ക് നാലുകെട്ട് എന്ന
പേര് കേൾക്കുമ്പോൾ വീട് നിർമാണത്തിന്റെ രൂപരേഖയായിരിക്കും ആദ്യ ഓർമ്മ വരിക. എന്നാൽ
നാലുകെട്ട് എന്ന നോവൽ പഴയ തലമുറയ്ക്ക് അത് അവരുടെ ജീവിതത്തിന് നേരെ പിടിച്ച
കണ്ണാടിയായിരുന്നൂ. തെളിച്ചമുള്ള കണ്ണാടി. മറ്റൊരു കാഴ്ചയിൽ ഒരു കാലഘത്തിന്റെ സാമൂഹിക
മാറ്റങ്ങളുടെ പ്രതീകമായി മാറിയ പുസ്തകം. സമൂഹ ജീർണതയുടെ ചിത്രം എം.ടി ബോധപൂർവ്വം വരച്ചതാണോ?
അതോ അനുഭവ കാഴ്ചകൾ അദ്ദേഹത്തെ തീവ്രമായി വരപ്പിച്ചതോ? ആ ജീർണതക്കുള്ളിൽ ഒരു സിഗരറ്റ്
പുകച്ച് വലിച്ചെറിഞ്ഞു കാലുകൊണ്ട് അമർത്തി കെടുത്തുമ്പോൾ ഒരു പ്രതികാരത്തിന്റെ അവസാനം
മാത്രമല്ല ഒരു പുതിയ നായകന്റെ, കാലത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. അതിന്റെ പേരാണ്
നാലുകെട്ട്, നായകന്റെ പേരാണ് അപ്പുണ്ണി. ആ
കഥയുമായി മലയാള സാഹിത്യ ലോകത്തേക്ക് കാലെടുത്തു
വെച്ച നായകന്റെ പേര് ഇപ്പോൾ വിശേഷണങ്ങൾ ആവശ്യമില്ലാത്ത എം.ടി വാസുദേവൻ നായർ.
[*** Smoking is injurious to health.]
No comments:
Post a Comment